Thiruvananthapuram

റൈസ് രണ്ടാമത് ചോദിച്ചു; ഹോട്ടലിൽ മന്തി കഴിക്കാനെത്തിയ വിദ്യാർഥികൾക്ക് ക്രൂരമർദനം, ഉടമയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

Please complete the required fields.




തിരുവനന്തപുരം: മന്തിക്കടയിൽ രണ്ടാമത് ചോറ് ചോദിച്ചതിന് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ‘ക്യാപ്പിറ്റൽ മന്തി’ എന്ന ഹോട്ടലിലാണ് ഹോട്ടൽ തൊഴിലാളികളും നാലംഗ വിദ്യാർഥി സംഘവും തമ്മിൽ സംഘർഷമുണ്ടായത്.

മർദ്ദനമേറ്റ കുട്ടികൾക്ക് തലയ്ക്കും ദേഹത്തും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയെയും ജീവനക്കാരെയും പേട്ട പോലീസ് കസ്റ്റഡിയിലെടുത്തു.

ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം രണ്ടാമത് മന്തി ചോറ് ചോദിച്ചതാണ് തർക്കങ്ങൾക്ക് കാരണമായത്. രണ്ടാമത് ചോറ് ചോദിച്ചപ്പോൾ ഹോട്ടലുകാർ തരില്ലെന്ന് പറയുകയും പൈസ കൊടുത്ത് വാങ്ങാമെന്ന് കുട്ടികൾ പറഞ്ഞിട്ടും ചോറില്ലെന്ന് പറഞ്ഞ് ഇവരെ പുറത്താക്കുകയും ചെയ്തെന്നാണ് പരാതി.

ഇതിനെച്ചൊല്ലി ഹോട്ടൽ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടർന്ന് ജീവനക്കാർ കുട്ടികളെ മർദിക്കുകയുമായിരുന്നു. ഹോട്ടലിലെ ജീവനക്കാരും പുറത്തുനിന്നു വിളിച്ചുവരുത്തിയ ആളുകളും ഉൾപ്പെടെ ഇരുപതോളം പേർ ചേർന്നാണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പേട്ട പോലീസ് അറിയിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button