Kozhikode

കരാറായി ഒൻപതുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിയില്ല

Please complete the required fields.




താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ വ്യൂപോയിന്റ് കഴിഞ്ഞ് വയനാട് ഗേറ്റ് വരെയുള്ള പാതയോരത്തും, ടവർലൈൻ പരിസരത്തെ മിനി വ്യൂപോയിന്റിലും കൈവരി സ്ഥാപിക്കാൻ കരാറായി ഒൻപതുമാസം കഴിഞ്ഞിട്ടും പ്രവൃത്തി തുടങ്ങിവെക്കാൻപോലും നടപടിയായില്ല. 2025 സെപ്തംബറോടെ ഭരണാനുമതിയാവുകയും 2025 നവംബർ ആറിന് നിർമാണപ്രവൃത്തിക്ക്‌ കരാറാവുകയുംചെയ്ത പ്രവൃത്തിയാണ് മാസങ്ങളായിട്ടും എങ്ങുമെത്താതെ പോവുന്നത്. കരാറുകാരനെ ഉത്തരവാദിത്വത്തിൽ മാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ ഉപേതരവിഭാഗം കൊടുവള്ളി സെക്‌ഷൻ അസി. എൻജിനിയർ വകുപ്പുതലത്തിൽ കത്ത് നൽകിയിരുന്നു.

എന്നാൽ നിലവിൽ കരാറേറ്റെടുത്തവർ പ്രവൃത്തി തുടങ്ങാനോ, കരാറുകാരനെ മാറ്റി പുതിയ കരാറുകാരെ പ്രവൃത്തി ഏൽപ്പിക്കാനോ ഇതുവരെ നടപടിയായിട്ടില്ല. പി.ഡബ്ല്യു.ഡി. രേഖകളിൽ രണ്ടാം വ്യൂപോയിന്റ് എന്ന് വിശേഷിപ്പിക്കുന്ന മിനി വ്യൂ പോയിന്റിലും ഒൻപതാംവളവിന് മുകളിലെ പ്രധാന വ്യൂപോയിന്റ് അവസാനിക്കുന്നിടത്തുനിന്നും വയനാട് ഗേറ്റ് വരെയുള്ള ഭാഗത്തുമാണ് പുതിയ കൈവരി സ്ഥാപിക്കാൻ കഴിഞ്ഞവർഷം അനുമതിയായത്.

വിനോദയാത്രയ്ക്കിടെ മിനി വ്യൂപോയിന്റ് പരിസരത്ത് ഇറങ്ങി നിൽക്കവെ കൊക്കയിലേക്ക് പതിച്ച് 2025 ഫെബ്രുവരി 23-ന് വടകര വരക്കൂൽ ചാലിൽമീത്തൽ അമൽജിത്ത് (24)ന്റെ ജീവൻ പൊലിഞ്ഞിരുന്നു. കഴിഞ്ഞവർഷം ഇതേസ്ഥലത്ത് കമ്പളക്കാട് സ്വദേശി നിധിനും, മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫായിസിനും വീണ് സാരമായി പരിക്കേറ്റിരുന്നു. പാർശ്വഭിത്തിയ്ക്ക് നന്നെ ഉയരക്കുറവും റോഡരികിൽ വലിയ താഴ്ചയുമുള്ള ഈ മേഖലകളിൽ സഞ്ചാരികൾ കാൽതെറ്റി താഴ്ചയിലേക്ക് വീഴുന്നത് പതിവായതോടെയാണ് ഇവിടങ്ങളിൽ കൈവരി നിർമിക്കാൻ തീരുമാനിച്ചത്.

വ്യൂപോയിന്റിനും വയനാട് ഗേറ്റിനും ഇടയിലുള്ള 80 മീറ്റർ ഭാഗത്തെ പ്രവൃത്തിക്ക്‌ മൂന്നുമാസവും, രണ്ടാം വ്യൂപോയിന്റിൽ 109 മീറ്റർ ദൈർഘ്യത്തിലുള്ള ഭാഗത്ത് നാലുമാസവുമായിരുന്നു പൂർത്തീകരണ കാലാവധി. ആകെ 60.9 ലക്ഷം രൂപ അടങ്കലിൽ പ്രധാന വ്യൂപോയിന്റിലെ അതേ മാതൃകയിൽ ലോഹ കൈവരിയോടുകൂടിയ സംരക്ഷണഭിത്തി സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് പുതിയറ ആസ്ഥാനമായുള്ള ഡിമോക്രാറ്റിക് ലേബർ കോൺട്രാക്ട് ആൻഡ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആയിരുന്നു കരാറേറ്റെടുത്തത്. കഴിഞ്ഞ നവംബർ 16-ന് രണ്ട് പാതയോരങ്ങളും പ്രവൃത്തിക്കായി കരാറുകാർക്ക് കൈമാറിയെങ്കിലും പൂർത്തീകരണ കാലാവധി കഴിഞ്ഞിട്ടും രണ്ടുപ്രവൃത്തികളും തുടങ്ങിയില്ല. ഈ ഭാഗങ്ങൾ ഉൾപ്പെടെ ചുരത്തിൽ പാർശ്വഭിത്തിക്ക്‌ ഉയരക്കുറവുള്ള ഭാഗങ്ങളിൽ അടിയന്തരമായി ലോഹ കൈവരിയോടുകൂടിയ സംരക്ഷണഭിത്തി സ്ഥാപിച്ച് സുരക്ഷയൊരുക്കണമെന്നതാണ് യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യം.

Related Articles

Back to top button