മേയറുടെ നേതൃത്വത്തിൽ ദേശീയഗാനം, മറുഭാഗത്ത് വന്ദേമാതരം പാടി കൗൺസിലർമാർ; കോഴിക്കോട് കോർപ്പറേഷനിൽ അരങ്ങേറിയത് വൻ രാഷ്ട്രീയ നാടകം

കോഴിക്കോട്: എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോഴിക്കോട് കോർപ്പറേഷനിൽ നാടകീയ രംഗങ്ങൾ. ചടങ്ങിനിടയിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും മാറിമാറി ആലപിച്ചതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി.
മേയറുടെ നേതൃത്വത്തിൽ എൽഡിഎഫ് അംഗങ്ങൾ ദേശീയഗാനം ആലപിച്ചപ്പോൾ, മറുഭാഗത്ത് ബിജെപി കൗൺസിലർമാർ വന്ദേമാതരം ആണ് പാടിയത്. രണ്ട് വിഭാഗവും ഒരേസമയം വ്യത്യസ്ത ഗാനങ്ങൾ ആലപിക്കുകയായിരുന്നു. ബിജെപി കൗൺസിലർമാർ വന്ദേമാതരം പാടിക്കൊണ്ടിരിക്കെ, മേയറും ഡെപ്യൂട്ടി മേയറും അടക്കമുള്ളവർ ദേശീയഗാനം പാടി അവസാനിപ്പിച്ച് അവിടെനിന്നും തിരിഞ്ഞുനടന്നു.
എന്നാൽ ആ സമയത്തും ബിജെപി അംഗങ്ങൾ വന്ദേമാതരം പൂർണ്ണമായി പാടി തീർക്കുകയാണുണ്ടായത്. മേയറുടെ ഭാഗത്തുനിന്ന് ഉണ്ടായത് രാജ്യവിരുദ്ധമായ പ്രവൃത്തിയാണെന്ന് ബിജെപി കൗൺസിലർമാർ കുറ്റപ്പെടുത്തി. മേയർ ദേശീയഗാനത്തെ അപമാനിച്ചതായും ബിജെപി നേതാക്കൾ രൂക്ഷമായി വിമർശിച്ചു.
ഇതുസംബന്ധിച്ച് ബിജെപി കൗൺസിലർ വ്യക്തമാക്കിയത് ഇങ്ങനെ: “നേരത്തെ തന്നെ വന്ദേമാതരം പാടുമെന്ന് മേയറോട് പറഞ്ഞിരുന്നു. അപ്പോൾ മേയർ ഒന്നും പറഞ്ഞില്ല. ആശംസകൾ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങൾ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്ത് നിന്ന് ദേശീയഗാനം പാടിയത്.”
അതേസമയം, സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കുകയായിരുന്നു.





