സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്ന് ഗർഭിണിയായ 18-കാരിയെ കൊലപ്പെടുത്തിയ അച്ഛനും ബന്ധുവും അറസ്റ്റിൽ

ഡൽഹി: സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്ന് ഗർഭിണിയായ 18കാരി മകളെ നാണക്കേട് ഭയന്ന് ആഗ്രയിലെ ചമ്പൽ നദിയിൽ മുക്കിക്കൊന്ന സംഭവത്തിൽ 52കാരനായ അച്ഛനും ബന്ധുവും അറസ്റ്റിൽ.
ജൂലൈ 31-ന് ഉത്തർപ്രദേശിലെ ആഗ്രയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു.ഡൽഹിയിലെ തിഗ്രിയിലുള്ള ബസൌനി ഗ്രാമത്തിലെ താമസക്കാരാണ് കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതികളും. ഗർഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന് പറഞ്ഞാണ് അച്ഛനും ബന്ധുവും ചേർന്ന് പെൺകുട്ടിയെ ആഗ്രയിലേക്ക് കൊണ്ടുപോയത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
ആഗ്രയിൽ എത്തിയ ശേഷം ഇരുവരും പെൺകുട്ടിയെ ബന്ധുവിന്റെ വീട്ടിൽ താമസിപ്പിച്ചു. തൊട്ടടുത്ത ദിവസമാണ് ഇവർ പെൺകുട്ടിയെ ചമ്പൽ നദിക്കരയിലേക്ക് കൊണ്ടുപോയത്. പൊലീസിന്റെ കണ്ടെത്തൽ പ്രകാരം, നദിക്കരയിൽ വച്ച് മകളോട് വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ അച്ഛൻ ആവശ്യപ്പെട്ടു.
എന്നാൽ മകൾ ഇതിന് വഴങ്ങാതെ വന്നതോടെ അച്ഛനും ബന്ധുവും ചേർന്ന് പെൺകുട്ടിയെ ബലമായി നദിയിൽ മുക്കിക്കൊല്ലുകയായിരുന്നു.കൊലപാതകത്തിന് ശേഷം ഇരുവരും ഡൽഹിയിലെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് അയൽവാസികളോട് മകൾ ആഗ്രയിൽ വച്ച് മരിച്ചുവെന്നും അവിടെവച്ച് തന്നെ മരണാനന്തര ചടങ്ങുകൾ നടത്തിയെന്നും ഇയാൾ പറഞ്ഞു.
എന്നാൽ ഇതിൽ സംശയം തോന്നിയ ഒരു അയൽവാസി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാർത്ഥ കാരണം പുറത്തുവന്നത്. തുടർന്ന് അച്ഛനെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
പെൺകുട്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് ഗർഭിണിയായതെന്നും കുടുംബത്തിന്റെ അന്തസിന് കളങ്കം വരുമെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പൊലീസ് അന്വേഷണം തുടരുകയാണ്.





