Kerala

ദിശമാറിയെത്തിയ കാർ കട തകർത്തു; മൂന്നുപേർക്ക് പരിക്ക്‌

Please complete the required fields.




മാവൂർ : മാവൂർ-കോഴിക്കോട് റോഡിൽ പാറമ്മൽ അങ്ങാടിയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടയിലേക്ക് പാഞ്ഞുകയറി മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. പാറമ്മൽ സ്വദേശികളായ വായോളി അഹമ്മദ് (63), കട ഉടമ പുല്ലിൽതൊടി പി.ടി. മുഹമ്മദ് (63), കാർ യാത്രക്കാരി കുനിയിൽ സ്വദേശി ഫാത്തിമ ഷബിൻ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടം.

കോഴിക്കോട് ഭാഗത്തുനിന്ന് കുനിയിലിലേക്ക് പോകുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ കടയിലെ ജീവനക്കാരനായ അഹമദ് കടപൂട്ടി റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്പോൾ ദിശ മാറിയെത്തിയ കാർ ഇയാളെ ഇടിച്ച് തെറിപ്പിച്ചശേഷം പാറമ്മൽ ബിസ്മി ബുക്ക് സ്റ്റാൾ ആൻഡ് സ്റ്റേഷനറി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തുറന്ന് പ്രവർത്തിച്ച ഈ കടയിലുണ്ടായിരുന്ന ഉടമ പി.ടി. മുഹമ്മദിന് പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാവൂർ ഫയർ യൂണിറ്റും മാവൂർ പോലീസും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന രണ്ടുപേരിൽ യാത്രക്കാരി ഫാത്തിമ ഷബിന് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബിസ്മി ബുക്ക്സ്റ്റാളും സമീപത്തെ സി.എം. ചിക്കൻ സ്റ്റാളും ഏതാണ്ട് പൂർണമായി തകർന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മാവൂർ-കോഴിക്കോട് റോഡിൽ ഭാഗികമായ ഗതാഗതം തടസ്സപ്പെട്ടു. മാവൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ക്രെയിൻ എത്തിച്ച് വാഹനം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Back to top button