എന്നെ രക്ഷിക്കാൻ അവൻ വരേണ്ടിയിരുന്നില്ല, എനിക്ക് എന്തെങ്കിലും സംഭവിച്ചാലും സാരമില്ലായിരുന്നു’; രാജേഷിനെ ഓർത്ത് വിതുമ്പി ബെന്നി

ചെറുപുഴ: ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തേക്കാൾ വലുതാണ് നെഞ്ചിലെ നൊമ്പരം. കാരണം എന്നെ രക്ഷിക്കാൻ വന്നവനാണ് കാര്യങ്കോട് പുഴയുടെ ഒഴുക്കിൽപ്പെട്ടത്.61കാരനായ മീന്തുള്ളി സ്വദേശി ബെന്നി കണ്ണുനീരോടെ പറഞ്ഞതാണിത്. തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷ് (36) ആണ് മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
‘രാജേഷും കൂട്ടുകാരും എത്തിയില്ലായിരുന്നെങ്കിൽ ഇന്ന് എന്നെ തിരയുകയായിരുന്നേനെ. 61 വയസ്സായ എനിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ലായിരുന്നു. അവൻ വരേണ്ടതായിരുന്നില്ല’ രക്ഷാപ്രവർത്തനത്തിനിടെ കാര്യങ്കോട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായ റെപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിനെ ഓർത്ത് കണ്ണീരോടെ പറയുകയാണ് മീന്തുള്ളി നോർത്ത് സ്വദേശി ബെന്നി.
തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ താമസിക്കുന്ന രാജേഷ് ബെന്നിയെ രക്ഷിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. കർണാടകവനത്തിൽ ഉരുൾപൊട്ടിയ വിവരമറിഞ്ഞ് വെള്ളിയാഴ്ച 11.30-ഓടെ കൃഷിയിടം പരിശോധിക്കാനാണ് ബെന്നി എത്തിയത്. കർണാടകവനത്തിനും കാര്യങ്കോട് പുഴയ്ക്കും ഇടയിലുള്ള തുരുത്തിലായിരുന്നു കൃഷി. അപ്പോൾ കാൽമുട്ടോളം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കാപ്പിത്തൈകളിൽ കെട്ടിക്കിടന്ന ചപ്പുചവറുകൾ നീക്കുകയായിരുന്നു.3 മണിയോടെ പുഴയിൽ വെള്ളം പതുക്കെ ഉയരാൻ തുടങ്ങി. മോട്ടോറും ഉപകരണങ്ങളും മാറ്റിവെച്ച് തിരിച്ചുപോകാൻ നേരത്തേക്കും വെള്ളം അരയ്ക്കൊപ്പമായി. 1971 മുതൽ ആ പുഴയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ബെന്നി ഉടൻ ഭാര്യ ആൻസിയെയും പഞ്ചായത്തംഗം റോഷി ജോസിനെയും വിളിച്ച് കാര്യം പറഞ്ഞു.
‘പേടിക്കണ്ട, ഫയർഫോഴ്സിനെ വിടുന്നുണ്ട്’ എന്നായിരുന്നു മറുപടി.താമസിയാതെ ഇരുവശത്തുകൂടിയും വെള്ളം കുത്തിയൊഴുകി. ശക്തിയിൽ കാലിടറിയപ്പോൾ ഫോണും ചെരിപ്പും ഒഴുകിപ്പോയി. ഒഴുക്കിനെ ചെറുക്കാൻ ഷർട്ടും ഊരിയെറിഞ്ഞു. കാടുവെട്ട് മെഷീനും മോട്ടോറും സൂക്ഷിച്ച ഷെഡ് പോലും വെള്ളത്തിൽ ഒഴുകി. വെള്ളം കഴുത്തറ്റായപ്പോൾ അടുത്തുണ്ടായിരുന്ന തെങ്ങിൽ കയറിപ്പിടിച്ചുനിന്നു.
അപ്പോഴാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളായ ഷിബിനും ജിതിനും എത്തുന്നത് കണ്ടത്. അവർ എറിഞ്ഞുകൊടുത്ത കയർ തെങ്ങിൽ കെട്ടുന്നതിനിടെ ബെന്നിയുടെ വിരൽ കുരുങ്ങി. അത് അഴിക്കുമ്പോഴേക്കും രാജേഷ് നീന്തി അടുത്തെത്തി. തന്റെ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ച ശേഷം, ബെന്നിയെ മുന്നിലും സ്വയം പിന്നിലുമായി കയറിൽ പിടിച്ച് 40 മീറ്റർ വീതിയുള്ള കുത്തൊഴുക്കുള്ള പുഴ മുറിച്ചുകടന്നു. കര കയറി തിരിഞ്ഞുനോക്കുമ്പോഴാണ് രാജേഷ് ഒഴുക്കിൽപ്പെട്ടു പോകുന്നത് കണ്ടതെന്ന് ബെന്നി പറഞ്ഞു.
അതേസമയം സാഹസികത ജീവിതത്തിന്റെ ഭാഗമാക്കുകയും ദുരന്തമുഖങ്ങളിൽ ഭയമില്ലാതെ ഓടിയെത്തുകയും ചെയ്യുന്ന രാജേഷിനായുള്ള കാത്തിരിപ്പിലാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും. കല്ലിയൂർ കിഴക്കെ തെറ്റിവിള രാജേഷ് ഭവനിൽ രാജശേഖരന്റെയും ഗീതയുടെയും മകനായ 36-കാരൻ രാജേഷിനെ, കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്കിടെ നടന്ന രക്ഷാപ്രവർത്തനത്തിനിടയിലാണ് കാണാതാകുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ഈ ദാരുണ സംഭവം. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ശക്തമായി തുടരുന്നുണ്ടെങ്കിലും ഞായറാഴ്ച രാത്രി വൈകിയും അദ്ദേഹത്തെ കണ്ടെത്താനായില്ല. എങ്കിലും, പാറക്കെട്ടുകളിൽ കയറി പരിശീലനമുള്ളതും നന്നായി നീന്തലറിയാവുന്നതുമായ രാജേഷ് സുരക്ഷിതമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.
അഡ്വഞ്ചർ ഡിസാസ്റ്റർ സൊസൈറ്റി അംഗമായ രാജേഷ്, പരിശീലനത്തിന്റെ ഭാഗമായാണ് ഒരു മാസം മുമ്പ് കണ്ണൂരിലേക്ക് പോയത്. ഒരാഴ്ച മുമ്പ് നാട്ടിലെത്തി മടങ്ങിയതായി സുഹൃത്തുക്കൾ ഓർക്കുന്നു. മികച്ച ഒരു കായികതാരം കൂടിയായ അദ്ദേഹം ത്രോ ബോളിൽ ദേശീയ ടീം അംഗമാണ്. കേരളത്തിൽ പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്തത്തിലും സജീവമായി രക്ഷാപ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് രാജേഷ്. കൂടാതെ എൻ.സി.സി. കേഡറ്റുകൾക്ക് ട്രക്കിങ് പരിശീലകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.രാജേഷിനെ കാണാതായെന്ന വാർത്തയറിഞ്ഞ് സുഹൃത്തുക്കൾ ശനിയാഴ്ച രാത്രിതന്നെ കണ്ണൂരിലേക്ക് തിരിച്ചു. ദുരന്തങ്ങളുടെ പരമ്പരയാണ് ഈ കുടുംബത്തെ തേടിയെത്തുന്നത്; രണ്ട് വർഷം മുമ്പ് രാജേഷിന്റെ ഇളയ സഹോദരൻ രഞ്ജിത്ത് ട്രെയിനിൽ നിന്ന് വീണ് മരണപ്പെട്ടിരുന്നു. ആശയാണ് രാജേഷിന്റെ സഹോദരി. ഷാഫിയ ഭാര്യയും ആർഷൻ, അഭിഷേക് എന്നിവർ മക്കളുമാണ്.




