India

റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടറോടിച്ച 68-കാരൻ കുടുങ്ങി, വിനയായത് സി.സി.ടി.വി. ക്യാമറ

Please complete the required fields.




കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ച നെടുങ്ങോട്ടൂർ പുല്ലാനിക്കാട് വീട്ടിൽ കുഞ്ഞുമൊയ്തീനെ (68) ഷൊർണൂർ ആർ.പി.എഫ്. എസ്.ഐ. ഷാജി തോമസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു സംഭവം.
രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെ വാഹന പാർക്കിങ് സ്ഥലത്തുകൂടിയാണ് ഇയാൾ സ്‌കൂട്ടർ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയത്. തുടർന്ന് പ്ലാറ്റ്‌ഫോമിലൂടെ പടിഞ്ഞാറുഭാഗത്തേക്ക് വാഹനം ഓടിച്ചുപോവുകയായിരുന്നു. പ്ലാറ്റ്‌ഫോം അവസാനിക്കുന്ന ഭാഗത്തുവെച്ച് യാത്രക്കാർ ഇത് ചോദ്യം ചെയ്തതോടെ, ഇയാൾ തിരികെ പോവുകയും ചെയ്തു.

എന്നാൽ ഈ ദൃശ്യങ്ങൾ ചില യാത്രക്കാർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളും സ്‌കൂട്ടറിന്റെ നമ്പറും കേന്ദ്രീകരിച്ച് ആർ.പി.എഫ്. ഊർജിതമായ അന്വേഷണം നടത്തി. തുടർന്ന് ബുധനാഴ്ച കുഞ്ഞുമൊയ്തീനെ ഷൊർണൂർ ആർ.പി.എഫ്. ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു.താൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള സബ് രജിസ്ട്രാർ ഓഫീസിലേക്ക് പോയതാണെന്ന വിചിത്ര മറുപടിയാണ് പ്രതി ഇതിന് നൽകിയത്. അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതടക്കമുള്ള പ്രസക്തമായ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

റെയിൽവേ പ്ലാറ്റ്‌ഫോമുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണെന്ന് റെയിൽവേ സുരക്ഷാസേന കർശന മുന്നറിയിപ്പ് നൽകി. കേസിൽ അറസ്റ്റിലായ കുഞ്ഞുമൊയ്തീന് പിന്നീട് ജാമ്യം അനുവദിച്ചെങ്കിലും, ഇയാൾ സഞ്ചരിച്ച സ്‌കൂട്ടർ ആർ.പി.എഫ്. കസ്റ്റഡിയിൽ എടുത്തു. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button