Ernakulam

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി

Please complete the required fields.




കൊച്ചി: കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശം.രണ്ട് ദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കണ്ടക്ടർമാർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ഹർജിക്കാരുടെയും കെഎസ്ആർടിസിയുടെയും അഭിപ്രായം കേട്ട് തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി.വനിതാ കണ്ടക്ടർമാരായ എസ് എസ് ആശ, എസ് ശ്രീന, എം സജല എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നിലവിൽ കെഎസ്ആർടിസിയിൽ മൂവായിരത്തോളം വനിതാ കണ്ടക്ടർമാർ സർവീസിലുണ്ട്.

ബിഹാർ, ഒഡീഷ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവദിച്ചിട്ടുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേരളത്തിലെ സർവകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്നുണ്ടെന്നും കണ്ടക്ടർമാർക്ക് വേണ്ടി ഹാജരായ അഡ്വ. എം അനിൽകുമാർ വാദിച്ചു.ആർത്തവ അവധി ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കുമെന്ന് മാത്രമല്ല, അതികഠിനമായ ആർത്തവ പ്രശ്നങ്ങൾ ആരോഗ്യത്തെയും ജോലിയെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഏറെ നേരം തുടർച്ചയായി നിൽക്കേണ്ട ജോലിയാണ് കണ്ടക്ടർമാർ ചെയ്യുന്നത്. വൃത്തിയുള്ള വിശ്രമ സൗകര്യങ്ങൾ പരിമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വനിതാ കണ്ടക്ടർമാർക്ക് അനുയോജ്യമായ രീതിയിൽ ആർത്തവ അവധി നയം രൂപീകരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. വനിതാ കണ്ടക്ടർമാർക്ക് പ്രതിദിനം 8 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. തിരക്കേറിയ ബസുകളിൽ ആർത്തവ ദിനങ്ങളിൽ ജോലി ചെയ്യുമ്പോൾ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതായും ഹർജിക്കാർ കോടതിയിൽ അറിയിച്ചു.സ്ത്രീ ജീവനക്കാരിൽ ആർത്തവം ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെ അംഗീകരിക്കുന്ന പുരോഗമനപരമായ ക്ഷേമ നടപടിയാണ് ആർത്തവ അവധിയെന്ന് കോടതി വ്യക്തമാക്കി.

സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനെയും ന്യായവും മാനുഷികവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനെയും പിന്തുണയ്ക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകളുമായി ഇത് ഒത്തുപോകുന്നതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Related Articles

Back to top button