മൂത്രമൊഴിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ ഒപ്പിടണം! ഇന്റർവെൽ സമയത്ത് മാത്രം ശുചിമുറി തുറക്കും, കോഴിക്കോട് ഈസ്റ്റ് ഹിൽ സ്‌കൂളിലെ ശുചിമുറി പൂട്ടി പ്രിൻസിപ്പൽ

കോഴിക്കോട്: റാഗിങ്ങും ശുചിമുറികൾ വൃത്തികേടാക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ വിചിത്ര നടപടിയുമായി കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർ രംഗത്ത്. ആൺകുട്ടികളുടെ ശുചിമുറികളാണ് പ്രിൻസിപ്പൽ പൂട്ടിയിട്ടത്. ഇടവേള സമയങ്ങളിൽ മാത്രമാണ് ഇനി മുതൽ ഇവിടെ ശുചിമുറി തുറന്നു നൽകുക.
മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി നിർബന്ധമാണ്. നവീകരിച്ച ശുചിമുറി വിദ്യാർത്ഥികൾ വൃത്തിഹീനമാക്കുന്നത് തടയാനാണ് ഈ നടപടിയെന്നാണ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. റാഗിങ് കേന്ദ്രമായി ശുചിമുറികൾ മാറുന്നതും തടയുകയാണ് ലക്ഷ്യമെന്നും അധികൃതർ പറയുന്നു.എന്നാൽ വിദ്യാർത്ഥികളുടെ അടിസ്ഥാന സൗകര്യം നിഷേധിക്കുന്നതാണ് ഈ തീരുമാനമെന്ന് രക്ഷിതാക്കളും പി ടി എയും ആരോപിച്ചു. സംഭവം വലിയ വിവാദമായതോടെ പി ടി എ ഇടപെടുകയും ശുചിമുറി ഉടൻ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ കോഴിക്കോട് അത്തോളിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം.
കൊളത്തൂർ എസ്.ജി.എം. എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ കുറ്റക്കാരായ ആറ് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. റാഗിങ് തടയുന്നതിൽ സ്‌കൂളുകൾ പരാജയപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഈ രണ്ട് സംഭവങ്ങളും പുറത്തുവന്നത്.





