
ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 23കാരിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി തൂക്കിക്കൊന്ന സംഭവം കർണാടകയിലെ ബാഗൽകോട്ടിൽ. ബാഗൽകോട്ട് സ്വദേശി ഭാഗ്യശ്രീ ജിഗളൂരുവാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭർത്താവ് പ്രവീൺ ജിഗളൂരുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾക്കിടയിൽ ഏറെക്കാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ഭാഗ്യശ്രീ കുറച്ചുകാലമായി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഒരുമിച്ച് സമാധാനത്തോടെ ജീവിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് പ്രവീൺ ഭാര്യയെ തിരിച്ചുവിളിച്ചു. എന്നാൽ തിരിച്ചെത്തിയ അതേ ദിവസം വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്നതാണ്.
ആദ്യം മരവടികൊണ്ട് ഭാഗ്യശ്രീയെ മർദിച്ച ശേഷം കിടപ്പുമുറിയിൽ പച്ചനിറത്തിലുള്ള ദുപ്പട്ട ഉപയോഗിച്ച് തൂക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിലും ക്രൂരമായത് പ്രതി കൊലപാതകത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി എന്നതാണ്.ജീവന് വേണ്ടി പിടയുന്ന ഭാര്യയുടെ വീഡിയോ പ്രവീൺ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുനൽകി. ഇതോടൊപ്പം വീഡിയോ കോളിലൂടെ യുവതിയുടെ മാതാപിതാക്കളെ വിളിച്ച് മകളുടെ അവസാന നിമിഷങ്ങൾ കാണാൻ നിർബന്ധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പച്ചനിറത്തിലുള്ള ദുപ്പട്ടയിൽ തൂങ്ങിക്കിടന്ന് ജീവന് വേണ്ടി പിടയുന്ന ഭാഗ്യശ്രീയെയും, വിവാഹസമയത്ത് കിടപ്പുമുറിയുടെ ചുമരിൽ എഴുതിയിരുന്ന ദമ്പതികളുടെ പേരുകളും വീഡിയോയിൽ കാണാമെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ വീഡിയോയുടെ ആധികാരികത പൊലീസ് ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവിവരം ലഭിച്ചതിനെ തുടർന്ന് ബാഗൽകോട്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പ്രതിയുടെ മാനസികനിലയും വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സംശയത്തിന്റെ പേരിൽ ഒരു യുവതിയുടെ ജീവൻ കവർന്ന ഈ സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.





