Kannur

പ്രതി സ്ഥാനത്ത് പൊലീസുകാരൻ്റെ മകൻ’; തില്ലങ്കേരി സ്വദേശി കീർത്തനയുടെ മരണം: നീതി നിഷേധിക്കുന്നുവെന്ന് കുടുംബത്തിന്റെ പരാതി

Please complete the required fields.




കണ്ണൂർ: തില്ലങ്കേരി സ്വദേശി 20കാരി കീർത്തന ജീവനൊടുക്കിയ സംഭവത്തിൽ മരണത്തിന് കാരണക്കാരായവരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് കുടുംബത്തിന്റെ ആരോപണം.

പ്രതിസ്ഥാനത്ത് പൊലീസുകാരന്റെ മകൻ ഉള്ളതിനാലാണ് നീതി നിഷേധിക്കുന്നതെന്നും കുടുംബം പറഞ്ഞു. പ്ലസ് വൺ കാലം മുതൽ കീർത്തനയുമായി അടുപ്പത്തിലായിരുന്ന മട്ടന്നൂർ സ്വദേശി ആദിദേവിനും കുടുംബത്തിനുമെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.
ഇരുവരുടെയും ബന്ധം വഷളായതോടെ കീർത്തന രണ്ട് തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി കുടുംബം വെളിപ്പെടുത്തി. ആദിദേവ് ബന്ധം ഒഴിവാക്കിയതോടെയാണ് ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായതെന്നും അവർ പറയുന്നു.

ഈ വിവരങ്ങളെല്ലാം കീർത്തന ആദിദേവിന്റെ പിതാവ് അനീഷിനെ നേരിട്ട് അറിയിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ അനീഷ് ഇതെല്ലാം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പ്രധാന ആരോപണം.
മംഗലാപുരത്ത് ഫിസിയോതെറാപ്പി കോഴ്സ് ചെയ്യുന്നതിനിടെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ ചിത്രങ്ങളും “മരിക്കാൻ പോകുകയാണ്” എന്ന് പറയുന്ന നിരവധി ശബ്ദ സന്ദേശങ്ങളും കീർത്തന അനീഷിന് അയച്ചു നൽകിയിരുന്നു.ആദിദേവ് അവഗണിക്കുന്നു, മാനസിക വിഷമം താങ്ങാനാകുന്നില്ല എന്നെല്ലാം സന്ദേശങ്ങളിൽ കീർത്തന ആവർത്തിച്ച് പറയുന്നുണ്ട്. ഈ തെളിവുകൾ കുടുംബം പുറത്തുവിട്ടു.

ഏപ്രിൽ 19ന് മകൾ ആത്മഹത്യ ചെയ്തിട്ടും ജൂലൈ 13നാണ് ആദിദേവിനെ കേസിൽ പ്രതി ചേർത്തതെന്ന് അമ്മ ലീന പറഞ്ഞു. “മകളുടെ ഒരു ബാഗ് ഇതുവരെ ഞങ്ങൾക്ക് തിരികെ ലഭിച്ചിട്ടില്ല” എന്നും അവർ ആരോപിച്ചു.പൊലീസ് സംഘടനയിൽ സ്വാധീനമുള്ളയാളാണ് അനീഷ്. അതിനാൽ അന്വേഷണം കാര്യമായി മുന്നോട്ട് പോകുന്നില്ലെന്ന് പിതാവ് ജെഷി കുമാർ പറഞ്ഞു. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബത്തിന്റെ ആരോപണങ്ങൾ അനീഷ് തള്ളി. പ്രണയബന്ധമുണ്ടായിരുന്നെങ്കിലും മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി ലഹരിക്ക് അടിമയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ആദിദേവിന്റെ അച്ഛനെ പ്രതി ചേർക്കേണ്ട സാഹചര്യം അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്ന് പേരാവൂർ ഡിവൈഎസ്പി വിശദീകരിച്ചു.പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കീർത്തനയുടെ കുടുംബം രംഗത്തെത്തിയതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

Related Articles

Back to top button