Alappuzha

അരൂർ റെയിൽപാതയിൽ കോഴിക്കോട് സ്വദേശി യുവതിയുടെ മൃതദേഹം കണ്ടെത്തി; ട്രെയിനിൽ നിന്ന് വീണതാണെന്ന നിഗമനം

Please complete the required fields.




അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണൻ്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ച ഉടൻ അരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നേഹ ട്രെയിനിൽ നിന്ന് വീണതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.യുവതി ഏത് ട്രെയിനിലാണ് യാത്ര ചെയ്തതെന്നും എങ്ങനെയാണ് വീണതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് വിവരം നൽകുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു.

തിങ്കളാഴ്ച അപകടം നടന്ന ഇതേ സ്ഥലത്ത് രണ്ട് ദിവസം മുൻപും സമാനമായൊരു സംഭവം ഉണ്ടായിരുന്നു. മാവേലി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡ് മൈലാഞ്ചി കല്ല് സ്വദേശി അബ്ദുൾ ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു.അന്ന് ട്രെയിനിൽ നിന്ന് വീണ ഹമീദ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരേ സ്ഥലത്ത് രണ്ട് അപകടങ്ങൾ ഉണ്ടായത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.തീരദേശ റെയിൽപാതയിലെ ഈ വളവ് അപകടസാധ്യതയുള്ളതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ട്രെയിനുകളുടെ വേഗതയും വളവിലെ പ്രശ്നവും കാരണം യാത്രക്കാർ വീഴാനുള്ള സാധ്യത കൂടുതലാണെന്നാണ് പരാതി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ അധികൃതർ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button