Kannur

തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Please complete the required fields.




കണ്ണൂർ: തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ നിർണായക അറസ്റ്റ്. നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ച് ഒളിവിൽ പോയ സംഘം സെക്രട്ടറി കെ.സി. ജ്യോതിഷിനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.അമിത പലിശ വാഗ്ദാനം നൽകി ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം സ്ഥാപനം പൂട്ടി മുങ്ങിയ കേസിലെ പ്രതിയാണ് ജ്യോതിഷ്. കഴിഞ്ഞ മാസം 26-ന് സ്ഥാപനം പൂട്ടിയതോടെയാണ് ജ്യോതിഷ് ഒളിവിൽ പോയത്.

പിന്നീട് മുംബൈയിലും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലും സഞ്ചരിച്ച ശേഷമാണ് ഇയാൾ രാമേശ്വരത്ത് എത്തിയതെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാമേശ്വരത്ത് എത്തിയ പൊലീസ് സംഘം ജ്യോതിഷിനെ കസ്റ്റഡിയിലെടുത്ത് തലശ്ശേരിയിലേക്ക് കൊണ്ടുവന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ഏകദേശം നാലര കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് സംഘത്തിൽ നടന്നതെന്നാണ് പരാതി. നിക്ഷേപകരുടെ പരാതിയിൽ തലശ്ശേരി പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിൽ നിരവധി തവണ പരിശോധന നടത്തിയിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റിന്റെ നിയന്ത്രണത്തിലാണ് ഈ സഹകരണ സംഘം പ്രവർത്തിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പണം എങ്ങനെ വിനിയോഗിച്ചു, ഇതിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button