പെണ്ണുകിട്ടാത്ത വിരോധത്തിൽ പിതാവിനെയും മകനെയും കെട്ടിയിട്ട് തല്ലിച്ചതച്ച ‘വില്ലൻ’ ഒടുവിൽ വലയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ മകളുടെ വിവാഹാലോചന നിരസിച്ചതിന്റെ വിരോധത്തിൽ പിതാവിനെയും മകനെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രധാന പ്രതി ഉൾപ്പെടെ മുഴുവൻ പേരും പിടിയിൽ. കേസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കി മുഖ്യപ്രതിയായ സുധീഷിനെ ചിതറ പോലീസ് പിടികൂടി.
ഇതോടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും വലയിലായി. ചിതറ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രവർത്തനം നിലച്ച പാറക്വാറിയിലായിരുന്നു പ്രതികൾ ഒളിവ് സങ്കേതം ഒരുക്കിയിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഭീകരമായ മർദ്ദനത്തിന് ശേഷം പ്രതികൾ കിളിമാനൂരിലെത്തി ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു.
തുടർന്ന് കടക്കൽ കുമ്മിളിലെ വീട്ടിലെത്തി ബാഗുകളും വസ്ത്രങ്ങളുമെടുത്ത് പളനിയിലേക്ക് കടന്നു. അവിടെ ഒരു ദിവസം തങ്ങിയ ശേഷം മടങ്ങിയെത്തിയാണ് കുമ്മിളിലെ വിജനമായ ക്വാറിയിൽ ഒളിവിൽ കഴിഞ്ഞത്. പ്രതികളെ പിടികൂടാൻ വൈകിയത് വലിയ പ്രതിഷേധത്തിന് കാരണമായതോടെ റൂറൽ എസ്.പിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പോലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു.
തുടർന്ന് ഇന്നലെ വൈകുന്നേരം മുഖ്യപ്രതി സുധീഷ് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി തടഞ്ഞുവെക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപെടുകയായിരുന്നു. വിവരമറിഞ്ഞ് സഹപ്രതികളായ ആരോമൽ, ലാൽകൃഷ്ണൻ, അരുൺ എന്നിവർ മറ്റൊരിടത്തേക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാണ് ചിതറ പോലീസ് ആദ്യം പിടികൂടുന്നത്. പിന്നാലെ നടത്തിയ വ്യാപക പരിശോധനയിൽ സുധീഷും പിടിയിലാവുകയായിരുന്നു.
വിവാഹാലോചന നിരസിച്ച വൈരാഗ്യത്തിലാണ് അനിൽകുമാറിനെയും മകനെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതെന്ന് പിടിയിലായ പ്രതികൾ കുറ്റസമ്മതം നടത്തി. ക്രൂരപീഡനം നടത്തുന്നതിനായി വെള്ളല്ലൂരിലെ വീട്ടിൽ പ്രത്യേക ക്രമീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നതായും പ്രതികൾ പോലീസിനോട് മൊഴി നൽകി.





