
കരുമാല്ലൂർ : സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ എല്ലാവര്ക്കും സാധിക്കണമെന്നില്ല. എന്നാൽ ഒരു മിനിഷം പോലും തന്റെ ജീവനെപ്പറ്റി ചിന്തിക്കാതെ, പുഴയിൽ ചാടിയ പെൺകുട്ടിയുടെ ജീവൻ കാത്ത സ്വകാര്യ ബസ് ഡ്രൈവറെ ഓർത്ത് അഭിമാനിക്കുകയാണ് കേരളം മുഴുവനും.
നീറ്റ് പരീക്ഷയ്ക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്ത് പുഴയിൽ ചാടിയ പെൺകുട്ടിയുടെ ജീവനാണ് ചാലാക്ക പള്ളിയാമ്പൽവീട്ടിൽ അജേഷിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെട്ടത്. ബസ് ഓടിച്ചു വരുന്നതിനിടെയാണ് മാഞ്ഞാലി പാലത്തിനുസമീപം ഒരാൾക്കൂട്ടം അജേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വണ്ടിനിർത്തി ഇറങ്ങിച്ചെന്നപ്പോഴാണ് ഒരു പെൺകുട്ടി പുഴയിൽ ജീവനുവേണ്ടി പിടയുന്നതുകണ്ടത്. പിന്നെ ഒന്നുംനോക്കിയില്ല. നീന്തലറിയാമെന്നുള്ള ധൈര്യത്തിൽ അജേഷ് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു, ഒരു മണിയോടെ അങ്കമാലിയിലെത്തേണ്ടതിനാൽ അത്യാവശ്യം വേഗത്തിലായിരുന്നു എക്സിക്യുട്ട് ബസ് പോയിക്കൊണ്ടിരുന്നത്” എന്ന് രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഡ്രൈവർ അജേഷ് പറയുന്നു.
പുഴയിൽ വീണ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് നൂറുമീറ്ററോളം സാഹസികമായി നീന്തിയാണ് ഇദ്ദേഹം കരയ്ക്കടുപ്പിച്ചത്. ഈ സമയം മാഞ്ഞാലി കോളനി കടവിലുണ്ടായിരുന്ന നാട്ടുകാർ പെട്ടെന്ന് തന്നെ ഇടപെടുകയും, കുട്ടിയെ ഉടൻ വണ്ടിയിൽ കയറ്റി ചാലാക്ക മെഡിക്കൽ കോളേജിലെത്തിച്ച് അടിയന്തര ചികിത്സ നൽകുകയും ചെയ്തു. പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
പെൺകുട്ടിയെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച ശേഷം, അല്പം സമയം വൈകിയെങ്കിലും അജേഷ് തന്നെ വീണ്ടും ബസിന്റെ സ്റ്റിയറിങ് ഏറ്റെടുക്കുകയും യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്തു.





