Pathanamthitta

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് വിവാദം; തർക്കത്തിൽ അനാവശ്യമായി ഇടപെടരുത്, പോലീസിന് താക്കീതുമായി ഹൈക്കോടതി

Please complete the required fields.




പത്തനംതിട്ട: റേഷൻ കാർഡിൽ വ്യാജരേഖ ചമച്ച് പേര് ചേർത്തെന്ന പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട കേസിൽ പൊലീസ് അനാവശ്യമായി ഇടപെടരുതെന്ന് ഹൈക്കോടതി നിർദേശം. റേഷൻ കാർഡ് ഉടമയുടെ മകൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ആഭ്യന്തര വകുപ്പ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, അടൂർ എസ്എച്ച്ഒ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു. കേസിലെ തുടർ നടപടികളെ കുറിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. അടൂരിലെ ഒരു റേഷൻ കാർഡിൽ ബന്ധമില്ലാത്ത ആളായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് അനധികൃതമായി ചേർത്തുവെന്നാണ് കുടുംബത്തിന്റെ പരാതി.
കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന പേരിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തതെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് അത്തരത്തിൽ ആരുമില്ലെന്നും പരാതിയിൽ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചതായും ഹർജിയിൽ വ്യക്തമാക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷൻ കാർഡിൽ നിന്ന് വെട്ടി ഉത്തരവിറക്കി. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസം ഉപയോഗിച്ച് വോട്ടർ പട്ടികയിലും പേര് ചേർത്തിരുന്നതിനാൽ അത് കൂടി റദ്ദാക്കി.ഇതേതുടർന്ന് അടൂർ പൊലീസ് റേഷനിംഗ് ഇൻസ്പെക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തിയാണ് കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ്. പിള്ള പരാതി നൽകിയത്.തനിക്കെതിരെയുള്ളത് രാഷ്ട്രീയ പകപോക്കലാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ച് സിപിഐ നേതൃത്വം നടത്തുന്ന നീക്കമാണിതെന്നും അവർ പറഞ്ഞു.
നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നത്.കേസിൽ കൂടുതൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രം നിയമനടപടികളിലേക്ക് കടക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

Related Articles

Back to top button