Kasargod

മാറ്റ് നോക്കുന്ന കൊളുത്ത് മാത്രം 916 സ്വർണ്ണം; കാസർക്കോട് ‘തിരൂർ പൊന്ന്’ പണയം വെച്ച് തട്ടിയത് 2.72 കോടി

Please complete the required fields.




കാസർകോട്: ബാങ്കിൽ പണയം വയ്ക്കാനായി കൊണ്ടുവന്നത് പുത്തൻ മാലകൾ, ഒറ്റ നോട്ടത്തിൽ സ്വർണം തന്നെ. ഉരച്ചു നോക്കിയപ്പോഴും 916. സംശയമൊന്നും തോന്നാതെ ബാങ്ക് അധികൃതർ വായ്പയായി 2.72 കോടി രൂപ നൽകി. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽനിന്നാണ് സ്വർണ വായ്പയുടെ പേരിൽ വൻ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കിൽ പണയപ്പെടുത്തിയ ആഭരണങ്ങളിൽ ഏറെയും നെക്‌‌ലേസ് വിഭാഗത്തിലുള്ളതായിരുന്നു.

മാറ്ററിയാൻ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാർഥ സ്വർണം തന്നെ വയ്ക്കുകയും ബാക്കി ഭാഗത്ത് മുക്കുപണ്ടവും ചേർത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. ‘തിരൂർ പൊന്ന്’ എന്നു പറയുന്ന ചെമ്പിൽ സ്വർണംപൂശിയ ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് ബാങ്ക് മാനേജർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ബാങ്ക്‌ മാനേജർ റിജുവിന്റെ പരാതിയിൽ 13 പേർക്കെതിരെയാണ്  ബേക്കൽ പൊലീസ് കേസെടുത്തത്.

വ്യത്യസ്ത ഘട്ടങ്ങളിലായാണ് ഇവർ ബാങ്കിൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയത്. മേൽപ്പറമ്പ് അരമങ്ങാനം സുനൈബ് വില്ലയിൽ കെ.എം.മുഹമ്മദ്‌ സുഹൈറിന്‌ ബാങ്ക്‌ ജീവനക്കാരുമായി ഉണ്ടായ സൗഹൃദത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം സുഹൈർ ആണ് 3 തവണ സ്വർണം പണയപ്പെടുത്തിയത്‌. പിന്നീട്‌ മറ്റുള്ളവരെ ബാങ്കുമായി പരിചയപ്പെടുത്തി. തുടർന്ന്‌ വിവിധ അക്കൗണ്ടുകളിലൂടെ സ്വർണം പണയപ്പെടുത്തി തട്ടിപ്പ്‌ തുടർന്നു.

ഒന്നാം പ്രതിയായ സുഹൈർ മാത്രം മൂന്ന് തവണയായി ആഭരണം പണയം വച്ച് 22 ലക്ഷം രൂപ എടുത്തു. പണയപ്പെടുത്തിയവർ ഏറെ വിശ്വാസമുള്ള ആളുകളായതിനാൽ ബാങ്ക്‌ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധന നടത്തിയില്ലെന്നു പരാതിയിൽ പറയുന്നു. ഓഡിറ്റിങ് സമയത്ത്‌ സ്വർണം പുറത്തെടുത്ത്‌ പരിശോധന നടത്തിയപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. സംശയം തോന്നിയതിനെ തുടർന്ന്‌ വിശദമായി പരിശോധിച്ചപ്പോഴാണ്‌ മുഴുവൻ മുക്കുപണ്ടമാണെന്ന്‌ തെളിഞ്ഞത്‌.

ഉദുമ, ബേക്കൽ, കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈർ, ഹസൻ, റുഷൈദ്, അബ്ദുൽ റഹീം, എം.അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാൻ, മുഹമ്മദ് ഹാഷിം, ഹാരിസുല്ല എന്നിവരാണ് കേസിലെ പ്രതികൾ.

സുഹൈറും കൂട്ടാളികളും ചേർന്നു 2020 ഒക്ടോബർ മുതൽ 2021 ജൂൺ വരെയുള്ള 9 മാസക്കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. സുഹൈറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുക്കുപണ്ടങ്ങൾ, ചെമ്പിൽ സ്വർണം പൂശാൻ ഉപയോഗിക്കുന്ന സാമഗ്രികൾ, ബാങ്കിൽ പണയപ്പെടുത്തിയതിന്റെ രസീതുകൾ തുടങ്ങിയവ കണ്ടെടുത്തു. സുഹൈൽ മറ്റു ബാങ്കുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുകയാണ്.

Related Articles

Leave a Reply

Back to top button