
താമരശ്ശേരി∙ ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ആശുപത്രിയിൽ 3 ഡോക്ടർമാരും 7 നഴ്സിങ് ഓഫിസർമാരുമടക്കം 30 ജീവനക്കാർ നിലവിൽ കോവിഡ് പോസിറ്റീവ് ആയി അവധിയിലാണ്. ജീവനക്കാരുടെ അഭാവം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ഇ-സഞ്ജീവനി സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. ഇ-സഞ്ജീവനി ടെലി മെഡിസിൻ സംവിധാനത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
കോവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വാർഡ് തല ആർആർടി, ആശ വർക്കർ എന്നിവരുടെ സഹായം തേടാമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.താലൂക്ക് ആശുപത്രിയിൽ ശരാശരി 1300 രോഗികളാണ് ദിവസവും എത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിനും വൈത്തിരി താലൂക്ക് ആശുപത്രിക്കും ഇടയിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ഏക സർക്കാർ ആശുപത്രി കൂടിയാണിത്. ദേശീയ പാതയിലും ചുരത്തിലും മറ്റും ഉണ്ടാവുന്ന അപകട കേസുകളും ഇവിടെയാണ് എത്തുന്നത്. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനം ഉപയോഗപ്പെടുത്താൻ https://esajeevaniopd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഇ–സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺ ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.





