
താമരശ്ശേരി : മുക്കുപണ്ടം പണയംവെച്ച് സഹകരണബാങ്കിൽനിന്നും അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ വട്ടിക്കുന്നുമ്മൽ വീട്ടിൽ അബ്ദുൾ മുനീർ (46) ആണ് അറസ്റ്റിലായത്.
താമരശ്ശേരി സർവീസ് സഹകരണബാങ്കിന്റെ തച്ചംപൊയിൽ ശാഖ മാനേജർ താമരശ്ശേരി തൂവ്വക്കുന്നുമ്മൽ വി. ഷൈനിയുടെ പരാതിയിലാണ് നിയമനടപടി.രണ്ടുതവണയായി വ്യാജസ്വർണം പണയംവെച്ച് 5,53,300 രൂപയാണ് ഇയാൾ ബാങ്കിൽനിന്ന് കൈക്കലാക്കിയതെന്ന് പരാതിയിൽ പറയുന്നു.
ബുധനാഴ്ച രാവിലെ പണയംവെക്കാനായി നാല് വളകളുമായെത്തിയ അബ്ദുൾ മുനീറിനെ കണ്ട് സംശയംതോന്നിയ ബാങ്ക് ജീവനക്കാർ സ്വർണം നല്ലപോലെ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കൊണ്ടുവന്നത് മുക്കുപണ്ടമാണെന്നത് മനസ്സിലായതും വിവരം ജീവനക്കാർ തന്ത്രപൂർവം താമരശ്ശേരി പോലീസിൽ അറിയിച്ചതും. ബാങ്ക് ജീവനക്കാർ രേഖകൾ പരിശോധിച്ചപ്പോൾ ജൂൺ പത്തിനും അതിനുശേഷം മറ്റൊരുദിവസവും ഇയാൾ ഇതേ ശാഖയിൽവന്ന് പണയ ഉരുപ്പടിവെച്ച് വായ്പയെടുത്തായി കണ്ടെത്തി.
തുടർന്ന് നടത്തിയ പരിശോധനയിൽ ബുധനാഴ്ച കൊണ്ടുവന്നതുപോലുള്ള മുക്കുപണ്ടങ്ങളാണ് മുൻപ് രണ്ടുതവണയായി ബാങ്കിൽ പണയംവെച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
പ്രിൻസിപ്പൽ എസ്.ഐ. ഗൗതം ഹരിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് ഇയാളെ ബാങ്കിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.അതേസമയം ഈർപ്പോണ സ്വദേശിയായ ഒരു സുഹൃത്ത് തന്നുവിട്ട ആഭരണങ്ങളാണ് താൻ ബാങ്കിൽ പണയംവെച്ചതെന്നാണ് അബ്ദുൾ മുനീർ
പോലീസിന് നൽകിയ മൊഴി. സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും മറ്റ് ബാങ്കുകളിൽ ഇതേതരത്തിൽ അബ്ദുൾ മുനീർ മുക്കുപണ്ടം പണയംവെച്ചിട്ടുണ്ടോയെന്നും താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.





