ആത്മഹത്യയ്ക്ക് ശ്രമിച്ച കോഴിക്കോട് സ്വദേശി ആശുപത്രിയിൽ; ഹോം സ്റ്റേയിലെ യുവതിയുടെ മരണം, കൂടെയുണ്ടായിരുന്ന യുവാവ് മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപണം

ബെംഗളൂരു: ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൂടെയുണ്ടായിരുന്ന മലയാളി യുവാവ് മതം മാറ്റാൻ ശ്രമിച്ചിരുന്നതായി ആരോപണം. ബെംഗളൂരു സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സായ് സുരഭിയാണു (26) മരിച്ചത്.
ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി സഞ്ജീത് അലി (25) ആശുപത്രിയിൽ ചികിത്സയിലാണ്. ഭീഷണിപ്പെടുത്തി ലഹരിയും മദ്യവും നൽകി മതം മാറാൻ നിർബന്ധിച്ചെന്നു യുവതിയുടെ അമ്മയാണു പൊലീസിൽ പരാതിപ്പെട്ടത്.
കോളജ് പഠനകാലത്ത് ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും വീട്ടുകാർ എതിർത്തതോടെ സായ് സുരഭി പിൻവാങ്ങിയിരുന്നു.
ശനിയാഴ്ച വൈകിട്ടാണു സഞ്ജീതിനൊപ്പം സായ് സുരഭി ഹോം സ്റ്റേയിലെത്തിയത്. തിങ്കളാഴ്ച ഇരുവരും പുറത്തിറങ്ങാത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു കഴുത്തിൽ കയർ മുറുകിയ നിലയിൽ സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്.ബെംഗളൂരുവിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന സഞ്ജീത് അലി അപകടനില തരണം ചെയ്തതായും ആരോഗ്യനില മെച്ചപ്പെട്ടാൽ ചോദ്യം ചെയ്യുമെന്നും കേസന്വേഷണ ചുമതലയുള്ള ചിക്കബെല്ലാപുര എസ്പി കുശാൽ ചൗകസി പറഞ്ഞു.





