India

ലഖ്‌നൗ കോച്ചിങ് സെന്റർ ദുരന്തം: നാലു പേർ അറസ്റ്റിൽ, നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Please complete the required fields.




ലഖ്‌നോ: ലഖ്‌നൗവിലെ അലിഗഞ്ച് പ്രദേശത്ത് കോച്ചിങ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിച്ച് 15 പേർ മരിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ലഖ്‌നൗ വികസന അതോറിറ്റിയിൽ നിന്നുള്ള രണ്ട് പേരും വൈദ്യുതി, അഗ്നിശമന വകുപ്പുകളിൽ നിന്നുള്ള ഒരാൾ വീതവുമാണ് സസ്പെൻഷനിലായത്. തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രാമകൃഷ്ണ ഉപാധ്യായ (43), വീരേന്ദ്ര പ്രസാദ് ശുക്ല (62), തുഷാർ കൃഷ്ണ ജയ്‌സ്വാൾ (31), സുരേഷ് കുമാർ സാഹു എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കെട്ടിടത്തിന്റെ സംയുക്ത ഉടമകളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി വയറിംഗിലെ തകരാറും ശരിയായ എക്സിറ്റുകളുടെ അഭാവവുമാണ് ദുരന്തം കൂടുതൽ വഷളാക്കിയതെന്ന് താമസക്കാർ ആരോപിച്ചു.

ഏകദേശം 1,992 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിന്റെ പ്ലാൻ, പാർപ്പിട ആവശ്യങ്ങൾക്കായി 2014 ഓഗസ്റ്റിലാണ് ലഖ്‌നൗ ഡെവലപ്‌മെന്റ് അതോറിറ്റി (LDA) അംഗീകരിക്കുന്നത്. എന്നാൽ പ്ലാൻ ലംഘിച്ച് അനധികൃത നിർമാണം നടത്തിയതിനെതിരെ പരാതി ഉയർന്നതോടെ 2016 മെയ് 10-ന് കെട്ടിടം പൊളിച്ചുമാറ്റാൻ എൽ.ഡി.എ ഉത്തരവിട്ടിരുന്നു. എന്നാൽ ദുരൂഹമായ സാഹചര്യത്തിൽ, ഉത്തരവ് വന്ന് രണ്ട് മാസത്തിനുള്ളിൽ (ജൂലൈ 5-ന്) പൊളിക്കൽ ഉത്തരവ് അധികൃതർ തന്നെ പിൻവലിക്കുകയായിരുന്നു. 15 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് പിന്നാലെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ അട്ടിമറി നടപടി ഇപ്പോൾ വീണ്ടും വലിയ ചർച്ചയാവുകയാണ്.

Related Articles

Back to top button