World
ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് കൂട്ടവെടിവെപ്പ്; 12 പേർക്ക് ദാരുണാന്ത്യം, അക്രമികൾക്കായി തിരച്ചിൽ ഊർജിതം

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗിലുണ്ടായ കൂട്ടവെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റതായും അധികൃതർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രി വൈകി ജോഹന്നാസ്ബർഗിലെ ക്ലീവ്ലാൻഡ് പ്രാന്തപ്രദേശത്തുള്ള ജനവാസ കേന്ദ്രത്തിലാണ് സംഭവം. മിനിബസിലെത്തിയ പത്തിലധികം വരുന്ന തോക്കുധാരികളുടെ സംഘം ആളുകൾക്കു നേരെ അന്ധാധുന്ദം വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഒമ്പത് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഇവരിൽ പതിനൊന്ന് പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അക്രമികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവയ്പ്പിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.





