Thiruvananthapuram

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അർധരാത്രി മുതൽ ട്രോളിങ് നിരോധനം

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.ഈ കാലാവസ്ഥാ മുന്നറിയിപ്പുകൾക്ക് പുറമെ, സംസ്ഥാനത്തെ തീരമേഖലകളിൽ ഇന്ന് അർധരാത്രി മുതൽ 52 ദിവസത്തെ ട്രോളിങ് നിരോധനവും പ്രാബല്യത്തിൽ വരികയാണ്.

വടക്കൻ ജില്ലകളായ കാസർകോഡ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഈ മൂന്ന് ജില്ലകളിലെയും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, തൊട്ടടുത്ത ജില്ലകളായ മലപ്പുറത്തും വയനാടും ഇന്ന് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

മഴയോടൊപ്പം തന്നെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല.ഇന്ന് അർധരാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസമാണ് ഇത്തവണത്തെ ട്രോളിങ് നിരോധനം. നിരോധനം പ്രാബല്യത്തിലാകുന്നതിന് 24 മണിക്കൂർ മുമ്പ് തന്നെ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന നാലായിരത്തിലധികം യന്ത്രവൽകൃത ബോട്ടുകളിൽ 80 ശതമാനത്തോളവും ഹാർബറുകളിൽ എത്തിക്കഴിഞ്ഞു.

ബാക്കിയുള്ള ബോട്ടുകൾ ഇന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ തിരിച്ചെത്തും. ഇതോടെ ഹാർബറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐസ് പ്ലാൻറുകളും ഡീസൽ പമ്പുകളും അനുബന്ധ വ്യാപാര സ്ഥാപനങ്ങളും അടക്കം ഇനി അടഞ്ഞുകിടക്കും.ബോട്ടുകൾ ഹാർബറുകളിൽ കെട്ടിത്തുടങ്ങിയതോടെ ഇനിയുള്ള നാളുകൾ അറ്റകുറ്റപ്പണികളുടേതാണ്. പെയിൻറിങ്, എൻജിൻ പണി എന്നിവ ചെയ്യുന്നതിനായി ബോട്ടുകൾ ഇതിനോടകം യാർഡുകളിലേക്ക് നീങ്ങിത്തുടങ്ങി. കടലിൽ പോകുന്നില്ലെങ്കിലും ബോട്ടുടമകൾക്ക് വലിയ സാമ്പത്തിക ബാധ്യതയുടെ കാലം കൂടിയാണിത്.

ഒരു ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെയാണ് ചിലവ് വരുന്നത്. ഒരു ബോട്ടിലെ ശരാശരി 15 ഓളം വരുന്ന തൊഴിലാളികൾക്ക് ഈ നിരോധന കാലയളവിൽ സഹായം നൽകേണ്ട ബാധ്യതയും ഉടമകൾക്കുണ്ട്.പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ബോട്ടുടമകളെയാണ്. ഡീസലിനും വാണിജ്യ സിലിണ്ടറിനും ഒപ്പം പെയിൻറിനും നൈലോൺ വലകൾക്കും വിപണിയിൽ വലിയ രീതിയിൽ വില വർധിച്ചിട്ടുണ്ട്.വൻതുക ചിലവാക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, നിരോധന കാലയളവ് കഴിഞ്ഞ് വീണ്ടും കടലിലിറങ്ങുമ്പോൾ ഈ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ തീരദേശം.

Related Articles

Back to top button