
കണ്ണൂർ: പിലാത്തറയിലെ കാർ തട്ടിക്കൊണ്ടുപോകൽ ആസൂത്രിതമെന്ന് വ്യക്തമാകുന്ന സൂചനകൾ പുറത്ത്. സ്വർണ വ്യാപരിയും കുടുംബവും സഞ്ചരിച്ച കാറിനൊപ്പം ഇന്നോവ കാർ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വാഹനം ആക്രമിച്ചത് സ്വർണം പൊട്ടിക്കൽ സംഘമാണോ എന്ന സംശയവും സജീവമാണ്. കൂടുതൽ സ്വർണവും പണവും നഷ്ടമായിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്.ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയ കാറിൽ മോഷണം നടന്നത് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നത്. വാഹനത്തിലുണ്ടായിരുന്ന സ്വർണ വ്യാപാരിയും ഡ്രൈവറും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിലാണ് നിർണായക കണ്ടെത്തലിലേക്ക് കടന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മഹാരാഷ്ട്രയിൽ നിന്ന് തലശേരിയിലേക്ക് പുറപ്പെട്ട തലശേരി രജിസ്ട്രേഷൻ കാറിനെ ആറംഗ സംഘം ദേശീയ പാതയിൽ കാത്തിരുന്നു എന്നാണ് സൂചന.രണ്ടാമതായി മറ്റൊരു ഇന്നോവ കാർ എടാട്ട് സർവീസ് റോഡിൽ കാത്തിരുന്നു. മനപ്പൂർവം അപകടം ഉണ്ടാക്കിയ ശേഷമാണ് ആറാംഗ സംഘം കാർ തട്ടിയെടുത്തത് എന്നാണ് നിഗമനം.
ഭാര്യയുടെ ബാഗിൽ സൂക്ഷിച്ച 25 ഗ്രാം സ്വർണം നഷ്ടമായെന്നാണ് പരാതിക്കാരൻ കുമാർ ജലീന്ദർ നിഗം നൽകിയ മൊഴി. എന്നാൽ പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. കാറിൽ കൂടുതൽ പണവും സ്വർണവും ഉണ്ടായിരുന്നോ എന്നതിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
കാറിൽ രഹസ്യ അറയിൽ പണം സൂക്ഷിച്ചിരുന്നോ എന്ന സംശയവും പൊലീസിനുണ്ട്. കാർ ഉടമയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുന്നതോടെ ഇക്കാര്യങ്ങൾ വ്യക്തമാകും എന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോയുള്ള കവർച്ചയ്ക്ക് പിന്നിൽ സ്വർണം പൊട്ടിക്കൽ സംഘത്തിൻ്റെ സാന്നിധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.





