നീറ്റ് യുജി പരീക്ഷകളിൽ വൻ പരിഷ്കാരത്തിനൊരുങ്ങി കേന്ദ്രം; ഉയർന്ന പ്രായപരിധിയും നിയന്ത്രണങ്ങളും വന്നേക്കും

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ (NEET-UG) അടിമുടി മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. പരീക്ഷ എഴുതുന്നതിനുള്ള ഉയർന്ന പ്രായപരിധി നിശ്ചയിക്കുന്നതിനൊപ്പം ഒരു ഉദ്യോഗാർത്ഥിക്ക് എത്ര തവണ പരീക്ഷ എഴുതാമെന്ന കാര്യത്തിലും കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് മന്ത്രാലയം ആലോചിക്കുന്നത്.
ഇതിനുപുറമെ, രാജ്യത്തെ എൻജിനീയറിങ്-മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഒരൊറ്റ ഏകീകൃത പൊതുപരീക്ഷ നടത്തുക എന്ന പുതിയ ആശയത്തെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
പാർലമെന്ററി സമിതി യോഗത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തന്നെയാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. വരുന്ന വർഷം മുതൽ നീറ്റ് പരീക്ഷകൾ പൂർണ്ണമായും ഓൺലൈൻ അഥവാ കമ്പ്യൂട്ടർ അധിഷ്ഠിതമായി (CBT) നടത്തുമെന്ന് എൻടിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.ഈ ഡിജിറ്റൽ മാറ്റത്തോടൊപ്പമായിരിക്കും പുതിയ പ്രായപരിധി ഉൾപ്പെടെയുള്ള കർശന പരിഷ്കാരങ്ങളും നടപ്പിലാക്കുക. നിലവിൽ നീറ്റ് പരീക്ഷ എഴുതുന്നതിന് 17 വയസ്സ് തികഞ്ഞിരിക്കണം എന്നതൊഴിച്ചാൽ ഉയർന്ന പ്രായപരിധിയോ, എത്ര തവണ പരീക്ഷ എഴുതാം എന്നതിലോ യാതൊരുവിധ വിലക്കുകളുമില്ല.
ഈ സാഹചര്യത്തിലാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികളുടെ നിർദ്ദേശപ്രകാരം പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അതേസമയം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ നിന്ന് നാല് പേരെക്കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ചോർത്തിയ ചോദ്യപേപ്പറുകൾ വലിയ തുക നൽകി വാങ്ങിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനുള്ള കർശന നടപടികളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് എൻടിഎ ഘടനാപരമായ ഈ പുതിയ മാറ്റങ്ങളിലേക്ക് കടക്കുന്നത്.





