
ചെന്നൈ: തമിഴ്നാട് ഭരണസിരാകേന്ദ്രത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വിഐപി പ്രോട്ടോക്കോളുകളിൽ മാറ്റം വരുത്തി പുതിയ മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ കസേരയിൽ വെള്ളത്തുണി (ടവ്വൽ) വിരിക്കുന്ന പരമ്പരാഗത രീതിയാണ് അദ്ദേഹം പൂർണ്ണമായും ഒഴിവാക്കിയത്. കൗമാരക്കാരിയായ പ്രമുഖ കാലാവസ്ഥാ പ്രവർത്തക ലിസിപ്രിയ കംഗുജത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് വിജയിന്റെ ഈ അതിവേഗ നടപടി.
മന്ത്രിമാർ മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ കസേരകളിൽ വെള്ള ടവ്വൽ ഉപയോഗിക്കുന്നത് വിഐപി സംസ്കാരത്തിന്റെയും അധികാര ശ്രേണിയുടെയും അടയാളമാണെന്നും ഇത് മാറ്റണമെന്നുമായിരുന്നു ലിസിപ്രിയ എക്സ് (X) പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടത്. മെയ് 14-ന് നടന്ന യോഗത്തിൽ വിജയിന്റെ കസേരയിൽ വെള്ള ടവ്വൽ ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം മെയ് 15 വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങളിൽ കസേരയിൽ നിന്ന് ടവ്വൽ പൂർണ്ണമായും ഒഴിവാക്കിയതായി കാണാം. തുടർന്ന് ലിസിപ്രിയ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.





