
പാട്‌ന: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരന് കുറഞ്ഞ നിരക്കിൽ യാത്ര വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റാൻ ശ്രമിച്ച ടിക്കറ്റ് എക്സാമിനർക്കെതിരെ (ടിടിഇ) റെയിൽവേ നടപടി സ്വീകരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് റെയിൽവേ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
700 രൂപ ടിക്കറ്റ് നിരക്കുള്ള യാത്രയ്ക്ക് 380 രൂപ നൽകിയാൽ മതിയെന്നും ബാക്കി തുക ലാഭിക്കാമെന്നും ടിടിഇ യാത്രക്കാരനോട് പറയുന്നതാണ് വീഡിയോയിലുള്ളത്.താൻ ചെയ്യുന്നത് തെറ്റാണെന്ന് വീഡിയോയിൽ ഉദ്യോഗസ്ഥൻ തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കാം എന്ന രീതിയിലാണ് സംഭാഷണം തുടരുന്നത്.ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ടിക്കറ്റ് ബുക്കിങ് രീതികൾ വിശദീകരിക്കുന്നതിന് പകരം അനധികൃതയാത്രയ്ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് വീഡിയോയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽ സേവയും ഡിആർഎം ദാനാപൂർ ഡിവിഷനും വിഷയത്തിൽ ഇടപെട്ടു.
സുതാര്യതയില്ലാത്ത സേവനം, പെരുമാറ്റദൂഷ്യം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ അനുവദിക്കാനും ഓൺബോർഡ് ടിക്കറ്റുകൾ നൽകാനും ടിടിഇയ്ക്ക് അധികാരമുണ്ടെങ്കിലും, സർക്കാർ നിശ്ചയിച്ച നിരക്കിൽ മാറ്റം വരുത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് റെയിൽവേ വ്യക്തമാക്കി.





