തമിഴ്നാടിനെ വിദ്യാഭ്യാസ ഹബ്ബാക്കാൻ മുഖ്യമന്ത്രി വിജയ്; വിദ്യാർത്ഥികൾക്ക് 15,000 രൂപ സഹായമുൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിദ്യാഭ്യാസ മേഖലയിലും യുവജനക്ഷേമത്തിലും വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതികളുമായി വിജയ് സർക്കാർ മുന്നോട്ട്.
സംസ്ഥാനം നേരിടുന്ന കടുത്ത കടബാധ്യതകൾക്കിടയിലും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് പുതിയ സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പഠനസഹായമായി പ്രതിവർഷം 15,000 രൂപ നൽകുന്ന പദ്ധതിക്ക് അദ്ദേഹം രൂപം നൽകി.സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെ. കാമരാജിന്റെ സ്മരണാർത്ഥം സംസ്ഥാനത്തുടനീളം 100 പ്രത്യേക റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസത്തിനായി 20 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.
കൂടാതെ, ആധുനിക സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രത്യേക എ.ഐ സർവ്വകലാശാലയും എ.ഐ സിറ്റിയും സ്ഥാപിക്കാനും പുതിയ ഐടി മന്ത്രാലയം രൂപീകരിക്കാനും സർക്കാർ പദ്ധതിയിടുന്നു.തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി അഞ്ച് ലക്ഷം സർക്കാർ ജോലികളും തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപ വരെ വേതനവും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പ്രകാരം നടപ്പിലാക്കും.
10 ലക്ഷം കോടി രൂപയുടെ കടബാധ്യത സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണെങ്കിലും, അധികാരമേറ്റ ഉടൻ തന്നെ 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക സുരക്ഷാ സേനയും പ്രഖ്യാപിച്ചുകൊണ്ട് വിജയ് തന്റെ കർമ്മപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.വ്യവസായ സംരംഭകർക്ക് 21 ദിവസത്തിനുള്ളിൽ ലൈസൻസ് ലഭ്യമാക്കുമെന്ന ഉറപ്പും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.





