
കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് മേഖലയിൽ കെ.എസ്.ഇ.ബി.ക്ക് കീഴിലുള്ള ഹൈഡൽ ടൂറിസം സെന്ററിലെ രണ്ട് ബോട്ടുകളിൽ ഒന്ന് തകരാറിലായി ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹരിക്കാൻ നടപടിയില്ല. അടിസ്ഥാനസൗകര്യങ്ങൾപോലും യാഥാർഥ്യമാകാത്ത ടൂറിസ്റ്റ് കേന്ദ്രത്തിൽ വിനോദസഞ്ചാരികൾക്ക് ആകെയുള്ള ആശ്രയമായിരുന്നു ഡാം റിസർവോയറിലൂടെയുള്ള സ്പീഡ് ബോട്ട് സർവീസ്. ബോട്ടിന്റെ സ്റ്റിയറിങ് കേബിൾ പൊട്ടിയതാണ് തകരാറിന് കാരണം.
വേനലവധിയായതിനാൽ കൂടുതൽ സഞ്ചാരികൾ എത്തുന്ന സമയത്ത് ഒരു ബോട്ട് മാത്രം സർവീസ് നടത്തുന്നതുകാരണം ബോട്ട് യാത്ര ആസ്വദിക്കാൻസാധിക്കാതെ കിലോമീറ്ററുകൾ താണ്ടി ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളിൽ പലരും നിരാശരായാണ് മടങ്ങുന്നത്. ഹൈഡൽ ടൂറിസത്തിന് സാമ്പത്തികനഷ്ടവും ഇതുകാരണം നേരിടുന്നുണ്ട്. തകരാർ പരിഹരിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് കക്കയം ഹൈഡൽ ടൂറിസം ഓഫീസിൽനിന്ന് തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.





