
കൊടുവള്ളി : നാളെയുടെ ജീവിതത്തിൽ പരിവർത്തനത്തിന്റെ നാന്ദികുറിക്കുന്നതാവണം ഹജ്ജ് കർമമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്‌മാൻ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘തസവ്വുദ്’ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് ഇന്നലെകളുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനടക്കാനുള്ളതല്ല, മറിച്ച് ശേഷിക്കുന്ന ജീവിതത്തെ ശോഭനമാക്കാനുള്ളതാണെന്നും ഹജ്ജ് വിളംബരം ചെയ്യുന്ന വിശ്വസാഹോദര്യത്തിന് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ടെന്നും മുജീബുറഹ്‌മാൻ പറഞ്ഞു. ജില്ലാ പ്രസിഡൻറ്് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷനായി. പി.ടി.എ. റഹീം എം.എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡൻറ്് എം.എ. റസാഖ്, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡൻറ്് സുഹ്റ മൻസൂർ, ജില്ലാ ജനറൽ സെക്രട്ടറി സദറുദ്ദീൻ പുല്ലാളൂർ, ജനറൽ കൺവീനർ നൗഫൽ ശിവപുരം എന്നിവർ സംസാരിച്ചു. ശിഹാബുദ്ദീൻ ഇബ്നു ഹംസ, റഫീഖു റഹ്മാൻ മൂഴിക്കൽ, വി.പി. ഷൗക്കത്തലി, യു.പി. സിദ്ദീഖ്, സ്വാലിഹ് ചിറ്റടി എന്നിവർ ക്ലാസെടുത്തു.





