എളേറ്റിലിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു, ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്

കൊടുവള്ളി: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന 12 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. എളേറ്റിൽ വട്ടോളി കോട്ടോപ്പാറ മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് പരിക്കേറ്റത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ കാട്ടുപന്നി ഹംദാനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ചളിക്കോട് വേങ്ങയുള്ള കുന്നുമ്മൽ വെച്ചായിരുന്നു സംഭവം. പത്തോളം കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ, കാട്ടിൽ നിന്നെത്തിയ പന്നി പാഞ്ഞടുക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ ഹംദാനെ പന്നി കുത്തിവീഴ്ത്തി. ആക്രമണത്തിൽ കുട്ടിയുടെ കൈക്കും കാലിനും ഒടിവുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുമുണ്ട്.
എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ജനവാസ കേന്ദ്രങ്ങളിൽ കാട്ടുപന്നി ശല്യം വർധിച്ചുവരുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. സന്ധ്യക്കുപോലും കുട്ടികൾക്ക് കളിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.





