നാടിനെ നടുക്കിയ 23 മണിക്കൂർ: ഉജ്ജയിനിലെ കുഴൽക്കിണർ അപകടത്തിൽപ്പെട്ട കുട്ടിയെ രക്ഷിക്കാനായില്ല, രണ്ടര വയസുകാരന് ദാരുണാന്ത്യം

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ ഏതാണ്ട് 23 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി. ഝലാരിയ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് രാജസ്ഥാൻ സ്വദേശിയായ പ്രവീൺ ദേവാസിയുടെ മകൻ ഭഗീരഥ് അപകടത്തിൽപ്പെട്ടത്.
ആടുകളെ മേയിക്കുന്നതിനിടെ അബദ്ധത്തിൽ കുഴൽക്കിണറിന്റെ മൂടി മാറ്റിയ കുട്ടി 65 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ സംയുക്തമായി നടത്തിയ അതിതീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേഖലയിലെ പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിച്ചത്. 40 അടി താഴ്ചയിൽ എത്തിയപ്പോൾ കഠിനമായ പാറകൾ കണ്ടതിനെത്തുടർന്ന് ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ഡ്രില്ലിംഗ് മെഷീനുകൾ എത്തിച്ചാണ് മണ്ണ് നീക്കം ചെയ്തത്.
ഓക്സിജൻ നൽകിയും ക്യാമറയിലൂടെ നിരീക്ഷിച്ചും കുട്ടിയെ ജീവനോടെ പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് ദിവസം മുൻപ് മാത്രം തൊഴിലിനായി പ്രദേശത്തെത്തിയ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഈ ദാരുണമായ അപകടത്തിലൂടെ ഇല്ലാതായത്.





