
വാഷിങ്ടൺ: അമ്പത്തിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് അന്ത്യമായിരിക്കുന്നു. മനുഷ്യൻ വീണ്ടും ചന്ദ്രന്റെ അതിരുകൾ താണ്ടി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നു. നാസയുടെ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കി നാല് ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി.
പത്തുദിവസം നീണ്ടുനിന്ന വിസ്മയകരമായ ഈ യാത്രയ്ക്ക് ശേഷം പസഫിക് സമുദ്രത്തിലാണ് ഇവരുടെ ഓറിയോൺ പേടകം ലാൻഡ് ചെയ്തത്. ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് യുഎസിലെ കാലിഫോർണിയക്ക് സമീപം പസിഫിക് സമുദ്രത്തിലിറങ്ങിയത്.
അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും വലിയ ദൗത്യത്തിനാണ് ശുഭസമാപ്തിയായിരിക്കുന്നത്. മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ ദൂരമെന്ന റെക്കോർഡ് കുറിച്ചാണ് ഈ സംഘം മടങ്ങിയെത്തിയത്. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്രയാത്രയിലെ നായകർ.
മണിക്കൂറിൽ 40,000 കിലോമീറ്ററിലധികം വേഗതയിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം കുതിച്ചുപാഞ്ഞു. ഈ സമയത്ത് പേടകത്തിന് പുറത്ത് അനുഭവപ്പെട്ടത് 2,800 ഡിഗ്രി സെൽഷ്യസോളം ചൂടായിരുന്നു. അത്യാധുനികമായ ഹീറ്റ് ഷീൽഡുകൾ ഉപയോഗിച്ചാണ് യാത്രികരെ ഈ കഠിനമായ ചൂടിൽ നിന്നും സംരക്ഷിച്ചത്.
സാൻ ഡീയാഗോ തീരത്തിന് സമീപം പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പേടകം സമുദ്രത്തിൽ പതിച്ചത്. സ്പ്ലാഷ് ഡൗൺ എന്ന് വിളിക്കുന്ന ഈ ലാൻഡിംഗിന് സാക്ഷിയാകാൻ യുഎസ് നാവികസേനയുടെ കപ്പലുകൾ നേരത്തെ തന്നെ സജ്ജമായിരുന്നു.കടലിൽ നിന്നും യാത്രികരെയും പേടകത്തെയും സുരക്ഷിതമായി കപ്പലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കമ്യൂണിക്കേഷൻ പുനഃസ്ഥാപിച്ചശേഷം മാത്രമേ ഹാച്ച് തുറക്കുകയുള്ളൂ. എന്നാൽ പേടകത്തിനു പുറത്തെ ചൂടും മറ്റു വിഷപദാർഥങ്ങളും ഉൾപ്പെടെയുള്ളവ സ്പീഡ് ബോട്ടുകളിലെത്തിയ റിക്കവറി സംഘത്തിലെ വിദഗ്ധർ പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. അവസാന വട്ട സുരക്ഷാ പരിശോധന നടപ്പാക്കുകയാണെന്ന് മിഷൻ കൺട്രോളിൽനിന്ന് അറിയിച്ചിരിക്കുന്നത്.





