India

തെരഞ്ഞെടുപ്പ് ചൂടിനിടെ വിജയ്‌യുടെ വാഹനത്തിൽ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന

Please complete the required fields.




മധുര: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കെ, തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌യുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞത്. ഏപ്രിൽ 23-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഉദ്യോഗസ്ഥരുടെ ഈ നടപടി.മധുരയിൽ നിന്നും റോഡ് മാർഗ്ഗം ശിവഗംഗയിലേക്ക് പ്രചാരണത്തിനായി പോവുകയായിരുന്ന വിജയ്‌യുടെ വാഹനവ്യൂഹം അതിർത്തിയിലെ ചെക് പോയിന്റിൽ വെച്ചാണ് തടഞ്ഞത്. മോഡൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ പണമോ മറ്റ് നിരോധിത വസ്തുക്കളോ കടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായി ഉദ്യോഗസ്ഥർ വാഹനത്തിന്റെ ഉള്ളിലും ഡിക്കിയിലും വിശദമായ പരിശോധന നടത്തി.

പരിശോധനയോട് പൂർണ്ണമായും സഹകരിച്ച വിജയ്, നടപടികൾ പൂർത്തിയാകുന്നത് വരെ വാഹനത്തിൽ തന്നെ കാത്തിരുന്നു. മിനിറ്റുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വാഹനം കടന്നുപോകാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.
നേരത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയ പ്രമുഖരുടെ വാഹനങ്ങളും സമാനമായ രീതിയിൽ ഫ്ലൈയിംഗ് സ്ക്വാഡ് പരിശോധിച്ചിരുന്നു. പ്രമുഖരെന്ന വ്യത്യാസമില്ലാതെ എല്ലാവരെയും നിരീക്ഷിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇത്തരം നടപടികൾ തുടരുന്നത്.

വിജയ് തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച ശേഷം നേരിടുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് നിലവിലെ സാഹചര്യങ്ങളെ വീക്ഷിക്കുന്നത്.

Related Articles

Back to top button