14 മാസം കോമയിൽ പോരാടി;അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യാക്കാരി അമേരിക്കയിൽ മരിച്ചു,അവയവങ്ങൾ ദാനം ചെയ്തു

കാലിഫോർണിയ: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കാലിഫോർണിയയിലെ സാക്രമെൻ്റോയിലുണ്ടായ ‘ഹിറ്റ് ആൻഡ് റൺ’ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശിനി നീലം തനാജി ഷിൻഡെ (35) അന്തരിച്ചു. 14 മാസത്തോളം അബോധാവസ്ഥയിൽ തുടർന്ന നീലം, ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
2025 ഫെബ്രുവരി 14-നാണ് നീലം സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ നീലത്തെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയാക്കിയെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. ആരോഗ്യനില വഷളായതിനെത്തുടർന്ന് മാർച്ചിൽ വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.
നീലത്തിന്റെ അപകടവാർത്തയറിഞ്ഞ ആഘാതത്തിൽ നാട്ടിലുണ്ടായിരുന്ന അമ്മ നേരത്തെ അന്തരിച്ചിരുന്നു. മകളെ കാണാൻ അമേരിക്കയിലേക്ക് പോകാൻ ശ്രമിച്ച പിതാവ് ആനന്ദ് ഷിൻഡെയ്ക്ക് ആദ്യം വിസ നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. പിന്നീട് അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദമുണ്ടായപ്പോഴാണ് അദ്ദേഹത്തിന് വിസ ലഭിച്ചത്.
ജീവിതകാലത്ത് തന്നെ അവയവദാനത്തിന് സമ്മതപത്രം നൽകിയിരുന്ന നീലത്തിന്റെ ആഗ്രഹപ്രകാരം മരണശേഷം അവയവങ്ങൾ ദാനം ചെയ്തു. ഏപ്രിൽ 8-ന് ഉച്ചയ്ക്ക് ഒരു മണിക്ക് അമേരിക്കയിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരം സംസ്കാര ചടങ്ങുകൾ നടക്കും.





