Ernakulam

ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല; സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പോലീസ്

Please complete the required fields.




കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിക്കുന്നു. നേരത്തെ മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചിരുന്നെങ്കിലും ചോദ്യം ചെയ്യലുമായി രഞ്ജിത്ത് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

യുവനടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മാർച്ച് 31-ന് അർധരാത്രിയോടെ തൊടുപുഴ മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും വിശദമായ ചോദ്യം ചെയ്യലിനും കസ്റ്റഡി കാലാവധി നീട്ടി കിട്ടേണ്ടത് അത്യാവശ്യമാണെന്ന് പോലീസ് കോടതിയെ അറിയിക്കും. നിലവിൽ റിമാൻഡിൽ കഴിയുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലും വരും ദിവസങ്ങളിൽ കോടതി തീരുമാനമെടുത്തേക്കും.

പരാതി ലഭിച്ചതിനെത്തുടർന്ന് മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ച രഞ്‌ജിത്തിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നുണ്ടെന്ന അഭിഭാഷകൻ പറഞ്ഞതിനെത്തുടർന്ന് സംസ്ഥാനം വിട്ടുപോകാനായിരുന്നു സംവിധായകന്റെ പദ്ധതി. ഇതിനായി കോട്ടയം വഴി തൊടുപുഴയിലേക്ക് പോയ രഞ്‌ജിത്ത്‌ സ്വന്തം വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലാണ് രക്ഷപെടാൻ ശ്രമിച്ചത്. ഇടുക്കി എസ്.പിയുടെ നിർദേശ പ്രകാരം കസ്റ്റഡിയിലെടുത്ത രഞ്‌ജിത്തിനെ രാത്രി തന്നെ കൊച്ചിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്‌ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

റിമാൻഡിൽ വിട്ട ശേഷവും രഞ്‌ജിത്തിന്റെ അഭിഭാഷകൻ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പ്രോസിക്യൂഷനും പൊലീസും അതിനെ എതിർത്തു. രഞ്‌ജിത്തിന് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധിനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ വാദംകേട്ട കോടതി രഞ്ജിത്തിനെ ജയിലേക്ക് അയക്കുകയായിരുന്നു. നിലവിൽ കാക്കനാടുള്ള സബ് ജയിലിലാണ് രഞ്‌ജിത്ത്. അതേസമയം കസ്റ്റഡി അപേക്ഷയിലും രഞ്‌ജിത്തിൻ്റെ ജാമ്യ ഹർജിയിലും സി.ജെ.എം കോടതിയിൽ ഇന്നും വാദം തുടരും.

Related Articles

Back to top button