‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’ : വി ശിവൻകുട്ടി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ ‘പോ മോനെ വിജയാ’ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം രാഷ്ട്രീയ മര്യാദയില്ലാത്തതാണെന്നും അത് ഉടനടി പിൻവലിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പിണറായി വിജയൻ ആരാണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയില്ലായിരിക്കും. ഇത്തരം നിലവാരമില്ലാത്ത പരാമർശങ്ങളിലൂടെ എൽ.ഡി.എഫിന്റെ അന്തസ്സ് വർദ്ധിക്കുകയാണ് ചെയ്തതെന്നും കോൺഗ്രസിന്റെ രാഷ്ട്രീയ നിലവാരം ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് സൂര്യന് നേരെ തുപ്പുന്നത് പോലെയാണെന്ന് മന്ത്രി ശിവൻകുട്ടി പരിഹസിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിക്ക് നേരെയോ ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെയോ ഇതുപോലൊരു പരാമർശം നടത്താൻ രേവന്ത് റെഡ്ഡിക്ക് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഏത് രാഷ്ട്രീയ നേതാവിനും ധൈര്യമായി വന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. എന്നാൽ “തരത്തിൽ പോയി കളിക്കണം” എന്നാണ് ഈ പരാമർശത്തോട് മലയാളികൾക്ക് പറയാനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കാലത്തെ അനാവശ്യ ബോക്സുകളുടെ കൈമാറ്റത്തെക്കുറിച്ചും മന്ത്രി ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചു. ആർ.എം.എസ് വഴി നാല് ബോക്സുകൾ തിരുവനന്തപുരത്ത് എത്തിയതായി വിവരമുണ്ട്. ഈ ബോക്സുകൾ കൊണ്ടുവന്ന വാഹനത്തിന്റെ നമ്പർ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും എല്ലാ ബോക്സുകളും പരിശോധിക്കണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.





