
കൊല്‍ക്കത്ത: ഐപിഎൽ പത്തൊൻപതാം സീസണിലെ ആദ്യ മത്സരത്തിൽ തന്നെ വെടിക്കെട്ട് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് കൗമാരതാരം വൈഭവ് സൂര്യവംശി.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വെറും 15 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ വൈഭവ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോർഡും സ്വന്തമാക്കി. 17 പന്തിൽ 52 റൺസെടുത്ത താരത്തിന്റെ പ്രകടനത്തിന് പിന്നാലെ വൈഭവിനെ ഉടൻ തന്നെ ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുഹമ്മദ് കൈഫ്, മൈക്കൽ വോൺ തുടങ്ങിയ മുൻതാരങ്ങൾ രംഗത്തെത്തി.
എന്നാൽ, ഈ നീക്കത്തെ എതിർത്തുകൊണ്ട് സീനിയർ താരം ആർ. അശ്വിൻ ഇപ്പോൾ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. വൈഭവ് ഇപ്പോഴും ഒരു കുട്ടിയാണെന്നും ഇത്ര ചെറിയ പ്രായത്തിൽ ഇന്ത്യൻ ടീമിന്റേതായ വലിയ ഉത്തരവാദിത്തങ്ങൾ നൽകി സമ്മർദ്ദത്തിലാക്കരുതെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.താരം തീർച്ചയായും ഭാവിയിൽ ഇന്ത്യക്കായി കളിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും, എന്നാൽ അതിനായി അൽപകാലം കൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മാറ്റ് ഹെന്റി, നൂർ അഹമ്മദ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട വൈഭവിന്റെ ആത്മവിശ്വാസത്തെ സഞ്ജയ് ബംഗാറും പ്രശംസിച്ചു.
ഐസിസി നിയമപ്രകാരം 15 വയസ്സ് തികഞ്ഞതിനാൽ സെലക്ടർമാർക്ക് വൈഭവിനെ പരിഗണിക്കുന്നതിൽ തടസ്സങ്ങളില്ലെങ്കിലും, താരത്തിന്റെ വളർച്ചയ്ക്കായി തിടുക്കം കാണിക്കരുതെന്നാണ് അശ്വിനെപ്പോലെയുള്ളവരുടെ പക്ഷം.





