Kozhikode

വെള്ളരിക്ക് ന്യായമായ വിലയില്ല; കർഷകർ നിരാശയിൽ

Please complete the required fields.




ഒഞ്ചിയം : പ്രതികൂല കാലാവസ്ഥയെയും മുള്ളൻപന്നി, കാട്ടുപന്നി, കുറുക്കൻ തുടങ്ങിയ വന്യജീവികളുടെ അക്രമത്തെയും അതിജീവിച്ച് വെള്ളരിക്കൃഷി ചെയ്യുന്ന കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല. ഏറാമല, വടക്കേവയൽ, കുന്നുമ്മക്കര, ഒഞ്ചിയം പ്രദേശങ്ങളിൽ കൂട്ടായും തനിച്ചും കൃഷിചെയ്ത് വെള്ളരി വിളവെടുപ്പ് നടത്തുന്ന സമയമാണിത്. ‘ഉച്ചാലിന് ഉച്ചയ്ക്ക് വെള്ളരിനട്ട് വിഷുവിന് ഉച്ചയ്ക്ക് പറിക്കാം’ എന്ന പഴമൊഴിയൊക്കെ വിട്ട് കർഷകർ ഒരു മാസംമുൻപ്‌ കൃഷിയിറക്കും. ഏപ്രിലിൽ ലഭിക്കുന്ന ഇടമഴ, കൃഷിക്ക് പ്രതികൂലമായതിനാലാണ് നേരത്തേ കൃഷിയിറക്കുന്നത്.

ഏറാമല വടക്കേവയലിൽ വരേപറമ്പത്ത് ഭാസ്കരനാണ് വെള്ളരിക്കൃഷി കൂടുതൽ നടത്തുന്നത്. ഇവിടങ്ങളിൽ പന്നികളുടെ അക്രമം ഭീകരമാണെന്ന് കർഷകനായ വി.കെ. ബാലകൃഷ്ണൻ പറയുന്നു. പാറക്കൽ ചന്ദ്രന്‍റെയും മൂന്നാംവാർഡംഗം മറുവയൽ മൂസ്സയുടെയും നേതൃത്വത്തിൽ പച്ചപ്പാടം കൂട്ടുകൃഷിയിൽ പള്ളിപുനത്തിൽ പപ്പൻ, ഒ.പി. അമ്മത്, വട്ടക്കണ്ടി നാണു, കോച്ചേരി അബ്ദുള്ള തുടങ്ങിയവർ വിവിധങ്ങളായ പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. അതിൽ ഏറ്റവും വിലക്കുറവ് ലഭിക്കുന്നത് വെള്ളരിക്കാണ്.

ഒരുകിലോയ്ക്ക് 15-20 രൂപ മാത്രമാണ് നാടൻ വെള്ളരിക്ക് വില. ജൈവകർഷകരുടെ വെള്ളരിക്ക് ആവശ്യക്കാരുണ്ടെങ്കിലും വില അല്പം കൂടും. 25-30 രൂപയാണ് ജൈവകൃഷിയിൽ വിളയിച്ച വെള്ളരിക്ക് കർഷകർക്ക് ലഭിക്കുന്നത്. മലപ്പുറം, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വൻതോതിൽ വരുന്ന വെള്ളരിക്ക് 7-10 രൂപയ്ക്കാണ് കടയിൽ വിൽക്കുന്നത്.വെള്ളരിക്ക് ഇപ്പോൾ ലഭിക്കുന്ന വില വളരെ കുറവാണെന്ന് കർഷകനായ പെരുംപുഴക്കൽ സുകുമാരൻ പറഞ്ഞു. പരമ്പരാഗതമായ പല കൃഷിയിടങ്ങളിലും വെള്ളരിക്കൃഷി കാണാനില്ല. നല്ല വില, നല്ല വിപണി ഇവ ഒരുക്കിയാൽമാത്രമേ കർഷകർക്ക് ആശ്വാസമുള്ളൂവെന്ന് കർഷകരായ വരേക്കണ്ടി മനോജും ജനാർദനനുമൊക്കെ പറയുന്നത്.

Related Articles

Back to top button