
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാരിന്റെ പ്രതികരണം.
ദിലീപിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് കേസിനാസ്പദമായ വെളിപ്പെടുത്തലുണ്ടായതെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. ദിലീപിന്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതിനാൽ ഇന്ന് ഹാജരായില്ല. ഈ കേസിൽ അന്വേഷണ സംഘം എഫ്‌ഐആർ സമർപ്പിച്ചു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കൂടുതൽ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകൻ പ്രതികരിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ദിലീപ് സാക്ഷികളെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഉള്ളതെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അനിയൻ അനൂപും സഹോദരീ ഭർത്താവ് സുരാജും വിശദമാക്കുന്നതിവന്റെ തെളിവാണ് ഉള്ളത്. എത്ര രൂപ കൊടുത്തു, എങ്ങനെയായിരുന്നു ഇടപാടുകൾ എന്നിവ വ്യക്തമാക്കുന്നതാണ് തെളിവുകളെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു.
ദിലീപിനെതിരെ കുറച്ച് തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നും, ഇതുൾപ്പെടെ പരിശോധിച്ച ശേഷം മാത്രമേ കസ്റ്റഡിയിലേക്കോ, അറസ്റ്റിലേക്കോ കടക്കാൻ സാധിക്കു.





