വിഷം ഉള്ളിൽച്ചെന്ന മകന്റെ ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചിൽ; ആംബുലൻസ് മറിഞ്ഞ് മാതാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷം ഉള്ളിൽച്ചെന്ന മകനുമായി ആശുപത്രിയിലേക്ക് അതിവേഗം പാഞ്ഞ ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് മാതാവ് ദാരുണമായി മരണപ്പെട്ടു. നല്ലേപ്പിള്ളി നരിച്ചിറ സ്വദേശിനി ജോറാമ്മ (53) ആണ് മകന്റെ ജീവൻ രക്ഷിക്കാനുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പാലക്കാട് കാടാങ്കോട് ജങ്ഷന് സമീപത്തെ വളവിലായിരുന്നു അപകടം. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് റോഡരികിലെ കടയുടെ മതിലിലിടിച്ച് മറിഞ്ഞത്.
വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ മകൻ മഫ്ലുവിനെ (25) ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടസമയത്ത് ആംബുലൻസിലുണ്ടായിരുന്ന മരുമകൻ റഹീം, ബന്ധുവായ റഹ്‌മത്ത്, ഒരു നഴ്‌സ് എന്നിവർക്ക് പരിക്കേറ്റു.
ഇവരെ ഉടൻ തന്നെ മറ്റൊരു ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോറാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ആംബുലൻസ് ഇടിച്ച കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് തൊഴിലാളികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
പള്ളിയിൽ പോയി മടങ്ങുന്നതിനിടെയാണ് മകൻ വിഷം കഴിച്ച വിവരം പിതാവ് മുഹമ്മദ് ഹനീഫ അറിയുന്നത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും മകനെ കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽപ്പെട്ട വിവരമാണ് അദ്ദേഹത്തെ തേടിയെത്തിയത്.
അപകടത്തെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെടുകയും പിന്നീട് പോലീസെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. പരേതരായ മുത്തുറാവുത്തറുടെയും ആയിഷാമ്മയുടെയും മകളാണ് മരിച്ച ജോറാമ്മ. ഹസീനയാണ് മറ്റൊരു മകൾ.





