Kerala

തന്റേടമുള്ള, കരുത്തുള്ള കഥാപാത്രങ്ങള്‍; വില്ലനായും സ്വഭാവ നടനായും വേഷമിട്ടത് അറുപതോളം സിനിമകളില്‍; ഇ എ രാജേന്ദ്രന്‍ വിടവാങ്ങുമ്പോള്‍

Please complete the required fields.




മലയാള ചലച്ചിത്ര-നാടക രംഗത്ത് നടനും സംവിധായകനും ആയി നിറഞ്ഞുനിന്ന കലാകാരനാണ് ഇ എ രാജേന്ദ്രന്‍. നാടകത്തിലൂടെ സിനിമയിലെത്തിയ ഇ എ രാജേന്ദ്രന്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. വില്ലനായും സ്വഭാവ നടനായും അറുപതോളം സിനിമകളില്‍ വേഷമിട്ടു.

തൃശൂരിലെ സ്‌കൂള്‍ പഠനകാലത്ത് സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളിലൂടെയാണ് നാടകരംഗത്തേക്ക് ഇ എ രാജേന്ദ്രന്‍ കടന്നുവന്നത്. കലാലയ വിദ്യാഭ്യാസത്തിനുശേഷം ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ രാജേന്ദ്രന്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ടെലിവിഷന്‍ കോഴ്സും പൂര്‍ത്തിയാക്കി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തു വന്ന രാജേന്ദ്രന്‍ വി.ആര്‍. ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന സിനിമയിലാണ് ആദ്യം വേഷമിട്ടത്. ഒരു ഇടവേളയ്ക്കുശേഷം ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെ വീണ്ടും സിനിമയിലെത്തിയ രാജേന്ദന്‍ പ്രണയവര്‍ണ്ണങ്ങള്‍, ദയ, പട്ടാഭിഷേകം, നരസിംഹം, മീശമാധവന്‍, സ്നേഹം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും അഭിനയിച്ചു. നാടക വേദിയില്‍ നിന്ന് വന്ന നടനായതുകൊണ്ട് തന്നെ വ്യക്തമായ ശബ്ദവും ഉച്ചാരണവും ഇ എ രാജേന്ദ്രന്റെ കരുത്തായിരുന്നു.

നാടകത്തിലെ അതിശയോക്തി കലര്‍ന്ന അഭിനയ രീതിയില്‍ നിന്ന് മാറി സിനിമയുടെ സ്വാഭാവികതയുമായി എളുപ്പത്തില്‍ ഇണങ്ങുകയായിരുന്നു രാജേന്ദ്രന്‍. കുറഞ്ഞ സംഭാഷണങ്ങളിലൂടെയും നോട്ടത്തിലൂടെയും ആ കഥാപാത്രത്തിന്റെ ഗൗരവവും കാര്‍ക്കശ്യവും രാജേന്ദ്രന്‍ ഫലപ്രദമായി അവതരിപ്പിച്ചു. മലയാള സിനിമയിലെ സ്ഥിരം വില്ലന്‍മാരില്‍ നിന്ന് വ്യത്യസ്തമായി, അധികാരവും സ്ഥാനമാനങ്ങളുമുള്ള വില്ലന്‍ വേഷങ്ങളാണ് രാജേന്ദ്രന്‍ കൂടുതല്‍ ചെയ്തത്. വില്ലന്‍ വേഷങ്ങളിലും ഒരു തരം ഗൗരവം നിലനിര്‍ത്താന്‍ രാജേന്ദ്രന് കഴിഞ്ഞിരുന്നു.

തന്റേടമുള്ള, കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള രാജേന്ദ്രന്റെ കഴിവ് നരസിംഹം പോലുള്ള ചിത്രങ്ങളില്‍ പ്രകടമായിരുന്നു. സിനിമയുടെ മാറിയ രീതിക്കനുസരിച്ച് തന്റെ ശൈലി മാറ്റാനും അദ്ദേഹം ശ്രദ്ധിച്ചു. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഒ. മാധവന്റെയും നടി വിജയകുമാരിയുടെയും മകള്‍ സന്ധ്യ രാജേന്ദ്രനാണ് ഭാര്യ. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ മുകേഷ് ഭാര്യ സഹോദരനാണ്.

Related Articles

Back to top button