Kozhikode

വിലങ്ങാട് ഉരുട്ടിക്കുന്നിലെ തീയണച്ചു

Please complete the required fields.




വിലങ്ങാട് : കഴിഞ്ഞ രണ്ടുദിവസമായി വിലങ്ങാട് ഉരുട്ടിക്കുന്നിലുണ്ടായ തീപ്പിടിത്തം വനപാലകരുടെയും നാട്ടുകാരുടെയും പരിശ്രമത്തിൽ ചൊവ്വാഴ്ചയോടെ അണച്ചു. ഉരുട്ടിക്കുന്നിലും കവിടിക്കുന്നിലും, കമ്പിളിപ്പാറ ഭാഗത്താണ് കഴിഞ്ഞ രണ്ടുദിവസമായി തീ പടർന്നത്.

ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച കാട്ടുതീ ചൊവ്വാഴ രാത്രിയോടെയാണ് അണയ്ക്കാൻപറ്റിയത്. വനം അതിർത്തി ഭാഗത്തുവെച്ച് വനപാലകർ തീ പടരാതിരിക്കാൻ അതിർത്തിതിരിച്ച് തീകെടുത്തിയതുകൊണ്ട് വനഭാഗത്തേക്ക് കൂടുതൽ തീ പടരാതിരിക്കാൻ സാധിച്ചു. സ്വകാര്യഭൂമിയും കുറച്ച് വനഭൂമിയുമാണ് കത്തിയമർന്നത്.

വാണിമേൽ സ്വദേശികളായ വാര്യങ്കണ്ടി മജീദ്, അരക്കണ്ടി സൂപ്പി, തെക്കയിൽ കണ്ണൻ എന്നിവരുടെ ഏഴേക്കറോളം വരുന്ന കൃഷിയിടത്തിലാണ് തീപിടിച്ചത്. തെങ്ങ്, കുരുമുളക്, കൊക്കോ, റബ്ബർ, കശുമാവ് തുടങ്ങിയ കാർഷികവിളകളാണ് കത്തിനശിച്ചത്. വലിയ മരത്തിന് തീപിടിച്ചത് പൂർണമായും അണയ്ക്കാൻ പറ്റിയിട്ടില്ല. അത് ഇപ്പോഴും പുകയുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ പച്ചിലകളും മരക്കൊമ്പുകളും ഉപയോഗിച്ചാണ് തീയണച്ചത്.തീയണച്ചതിൽ ആശ്വാസത്തിലാണ് ഉരുട്ടി ക്രഷർഭാഗത്തെ അഞ്ച് കുടുംബങ്ങൾ.

കഴിഞ്ഞ രണ്ടുദിവസമായി രാത്രിയും പകലുമുണ്ടായ തീയിൽ വീടിന്റെ ഭാഗത്തേക്ക് തീപടരുമോ എന്ന ആശങ്കയിലായിരുന്നു അവർ. വാണിമേൽ പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡിലെ ഉരുട്ടിക്കുന്നിലാണ് തീപിടിച്ചത്.

Related Articles

Back to top button