Kozhikode

കുടിവെള്ളമില്ല; പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Please complete the required fields.




മാവൂർ : പെരുവയൽ പഞ്ചായത്തിലെ കല്ലടമേത്തൽ, പുതുക്കുടി പുറായി ഭാഗങ്ങളിൽ താമസിക്കുന്ന നാല്‌പതോളം കുടുംബങ്ങൾ കുടിവെള്ളക്ഷാമത്തിനെതിരായി പഞ്ചായത്തിലേക്ക് ഒഴിഞ്ഞ കുടവുമായി മാർച്ച് നടത്തുകയും പ്രസിഡന്റിനെ ഉപരോധിക്കുകയും ചെയ്തു. അഞ്ചുവർഷത്തിലധികമായി ഇവിടെ കുടിവെള്ളവിതരണം നിലച്ചിട്ട്.
ഇതുവരെ ഇത് നന്നാക്കാത്തതിൽ പ്രതിഷേധിച്ചും ഒരു ടാങ്ക് വെള്ളത്തിന് 900 രൂപ വീതം നൽകി കുടിവെള്ളം വാങ്ങേണ്ട ഗതികേടിന് എതിരേയുമാണ് ഇവർ പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ഒട്ട​േറെപ്പേർ പങ്കെടുത്തു. പലതവണ പഞ്ചായത്ത് ഓഫീസിലും ഗ്രാമസഭകളിലും പരാതി പറഞ്ഞിട്ടും ഈ പ്രദേശത്തേക്കാവശ്യമായ കുടിവെള്ളമെത്തിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് ആരോപിച്ചു.

നിലവിലെ കുടിവെള്ളപദ്ധതിയുടെ കിണറിൽ മലിനജലമാണ്. ഇതും ശരിയാക്കിയിട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം സരോവരത്തുള്ള ജൽജീവൻ ഓഫീസിൽ ഇവർ പരാതി നൽകിയിട്ടുണ്ട്. ബൂസ്റ്റർ സ്ഥാപിച്ചെങ്കിലെ ഈ പ്രദേശത്തേക്ക് വെള്ളമെത്തിക്കാൻ കഴിയു. ഇതിലെ സാങ്കേതികപ്രശ്നമാണ് ഈ പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതിന് കാരണം.ജൽ ജീവൻ കരാറുകാർക്ക് സർക്കാരിൽനിന്ന് ഫണ്ട് ലഭിക്കാത്തതിനാലാണ് പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞതായി പെരുവയൽ പഞ്ചായത്ത് പ്രസിഡൻറ് ആർ.വി. ജാഫർപറഞ്ഞു.

കുടിവെള്ളവിതരണത്തിനായി പുതിയ ഫണ്ട് വെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ പ്രവൃത്തിക്ക് ഇപ്പോൾ തടസ്സമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button