
കോഴിക്കോട് : ജില്ലയിൽ പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിൽ, കോഴികൾ ഉൾപ്പെടെയുള്ള വളർത്തുപ്പക്ഷികളെ കൊന്നൊടുക്കൽ പൂർത്തിയായി.രണ്ടാംദിനമായ ഞായറാഴ്ച 1014 വളർത്തുപക്ഷികളെ കൊന്നൊടുക്കി. 281 മുട്ടകളും 95 കിലോഗ്രാം തീറ്റയും നശിപ്പിച്ചു. കോർപ്പറേഷനിൽമാത്രം 433-ലേറെ വളർത്തുപക്ഷികളെ കൊന്നു.
ശനിയാഴ്ചയാണ് പക്ഷികളെ കൊല്ലാനാരംഭിച്ചത്. ഈ രണ്ടുദിവസങ്ങളിലായി 2251-ഓളം എണ്ണത്തിനെയാണ് കൊന്നത്. കൃത്യമായ കണക്ക് തിങ്കളാഴ്ചയോടെയേ ലഭിക്കൂ.
മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച 20 സ്ക്വാഡ് ദ്രുതകർമസേനയിൽ 19 സ്ക്വാഡാണ് രണ്ടാംദിനം വീടുകളിലെത്തി പക്ഷികളെ കൊന്നത്. ഒരു ടീമിൽ അഞ്ചുപേരാണുള്ളത്. രാവിലെമുതൽ എല്ലാ സുരക്ഷാസംവിധാനങ്ങളോടെയും ദ്രുതകർമസേന നടപടികൾ തുടങ്ങി.ദ്രുതകർമസേന എത്തിയെങ്കിലും കക്കോടി, ഒളവണ്ണ, നല്ലളം പഞ്ചായത്തുകളിലെ ചില വീടുകളിൽ ആളുകളുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞദിവസം വളർത്തുപക്ഷികളെ കൊല്ലാൻ കഴിഞ്ഞിരുന്നില്ല.
ഞായറാഴ്ച ഈ വീടുകളിൽ പോലീസ് സഹായത്തോടെയെത്തിയാണ് സേന വളർത്തുപക്ഷികളെ കൊന്നത്. ഓരോ വാർഡിലും എട്ടുമുതൽ പത്തോളം വീടുകളാണ് ഇത്തരത്തിലുണ്ടായിരുന്നത്. അസുഖമില്ലാത്ത പക്ഷികളെ കൊല്ലരുതെന്നുപറഞ്ഞായിരുന്നു ആളുകളുടെ പ്രതിഷേധം.പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 15, ഒളവണ്ണയിലെ വാർഡ് ആറ്, കക്കോടി പഞ്ചായത്തിലെ വാർഡ് നാല്, പനങ്ങാട് പഞ്ചായത്തിലെ വാർഡ് 15, കോർപ്പറേഷനിലെ കൊളത്തറ, ചെറുവണ്ണൂർ ഈസ്റ്റ് എന്നിവിടങ്ങളിലാണ് പക്ഷിപ്പനി റിപ്പോർട്ടുചെയ്തത്.ഈ സ്ഥലങ്ങളിലെ ഒരുകിലോമീറ്റർ പരിധിയിലെ വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. അതത് പഞ്ചായത്തിൽ കണ്ടെത്തിയ സ്ഥലത്താണ് കൂട്ടത്തോടെ ശാസ്ത്രീയമായി സംസ്കരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ വളർത്തുപക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ടം, ഫ്രോസൺ മീറ്റ്, മറ്റുത്പന്നങ്ങൾ എന്നിവയുടെ ഉപയോഗത്തിനും വിപണനത്തിനും നിരോധനവുമുണ്ട്.





