India

ഗ്യാസ് കിട്ടാനില്ല, പിന്നാലെ മോഷണം … ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ മോഷ്ടിച്ചു

Please complete the required fields.




ബംഗളൂരു: രാജ്യത്തുടനീളം പാചകവാതക വിതരണത്തിൽ കടുത്ത ക്ഷാമം നേരിടുന്നതിനിടെ ബംഗളൂരുവിൽ സിലിണ്ടർ മോഷണം. ബേഗൂരിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് വ്യാഴാഴ്ച പകൽസമയത്താണ് സ്കൂട്ടറിലെത്തിയ രണ്ടുപേർ ചേർന്ന് എൽ.പി.ജി സിലിണ്ടറുകൾ കവർന്നത്. ഒരാൾ വീടിനുള്ളിൽ കയറി രണ്ട് സിലിണ്ടറുകളുമായി പുറത്തുവരുന്നതും പുറത്ത് കാത്തുനിന്ന മറ്റൊരാളോടൊപ്പം അതിവേഗം രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇവരുടെ മുഖം വ്യക്തമായിട്ടില്ല. ഒരാൾ വീടിനുള്ളിലേക്ക് കടന്നപ്പോൾ മറ്റൊരാൾ പുറത്ത് റോഡിൽ കാത്തുനിൽക്കുകയായിരുന്നു. പിന്നീട് പ്രതികളിലൊരാൾ വീടിനുള്ളിൽ നിന്നും രണ്ട് സിലിണ്ടറുകളുമായി പുറത്തേക്ക് വരികയും ഇരുവരും വേഗത്തിൽ രക്ഷപ്പെടുകയും ചെയ്തു.

സംസ്ഥാനത്ത് ഉഗാദി ആഘോഷത്തിനിടെയാണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പശ്ചിമേഷ‍്യയിലെ സംഘർഷാവസ്ഥയിൽ രാജ്യത്ത് പാചകവാതകത്തിന്റെയും പ്രകൃതിവാതകത്തിന്റെയും വിതരണത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.എൽ.പി.ജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുമ്പോൾ നിരവധി പേർ ഇൻഡക്ഷൻ കുക്കറിനെയാണ് ആശ്രയിക്കുന്നത്. യുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഇൻഡക്ഷൻ കുക്കറിന്‍റെ സ്റ്റോക്ക് തീർന്നു തുടങ്ങിയിരുന്നു.

കാത്തിരിപ്പിന് വിരാമമിട്ട് ഹുർമുസ് കടലിടുക്ക് കടന്ന് രണ്ട് എൽ.പി.ജി ടാങ്കറുകൾ ഇന്ത‍്യന്‍ തീരത്തെത്തിയതോടെയാണ് രാജ്യത്തെ പാചകവാതക ആശങ്കയിൽ നേരിയ ശമനമുണ്ടായത്. എന്നിരുന്നാലും റസ്റ്റാറന്‍റുകളും മറ്റും പ്രതിസന്ധിയിലാണ്. നിലവിൽ രണ്ട് എൽ.പി.ജി ടാങ്കറുകൾക്ക് കൂടി ഹുർമുസ് കടക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button