Kozhikode

കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും കേരളത്തിൽ കൂടുന്നു: ജെ.പി.നഡ്ഡ

Please complete the required fields.




കോഴിക്കോട്: കേരളത്തിൽ കുറ്റകൃത്യങ്ങളും സംഘടിത കൊലപാതകങ്ങളും വർധിക്കുകയാണെന്നും ഭരണകൂടം സ്പോൺസർ ചെയ്യുന്ന ആക്രമണങ്ങൾക്കെതിരെ പോരാടുകയാണ് സംസ്ഥാനത്തെ ബിജെപി പ്രവർത്തകരെന്നും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ. മൂന്നു വർഷത്തിനിടെ കേരളത്തിൽ 1019 കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ 89 കൊലപാതകങ്ങൾ സംഘടിതമായി നടന്നതാണെന്നതു ഞെട്ടിപ്പിക്കുന്നതാണ്. പാലക്കാട്ട്  ശ്രീനിവാസന്റെ കൊലപാതകം  ഭരണകൂട പിന്തുണയോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും നഡ്ഡ പറഞ്ഞു. ബിജെപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇസ്‌ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. 

ക്രൈസ്തവരടക്കമുള്ള സമൂഹം ഈ പ്രശ്നത്തിൽ ആശങ്കയിലാണ്. നർകോട്ടിക് ജിഹാദ്  പ്രശ്നത്തിൽ ആരോപണമുന്നയിച്ചത് ക്രൈസ്തവ വിഭാഗമാണ്. ഇടതുപക്ഷം നിഷ്പക്ഷമാണെന്നു അവകാശപ്പെടുകയും ഇസ്‌ലാമിക തീവ്രവാദത്തെ സഹായിക്കുകയും ചെയ്യുകയാണ്. കേന്ദ്രസർക്കാർ കേരളത്തിനെ അവഗണിക്കുകയാണെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയക്കണ്ണിലൂടെയാണ് കാര്യങ്ങളെ അവതരിപ്പിക്കുന്നത്. കേന്ദ്രസർക്കാർ കേരളത്തിനു നൽകുന്ന  അടിസ്ഥാന സൗകര്യ വികസനം മുതൽ ഭക്ഷ്യധാന്യങ്ങൾ വരെയുള്ള സഹായങ്ങൾ കണ്ടിട്ടും കാണാൻ തയാറാവാത്തയാളാണ് പിണറായി.ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷനായിരുന്നു.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കർണാടക മന്ത്രി സുനിൽ കാർക്കളെ, സംസ്ഥാന പ്രഭാരി സി.പി.രാധാകൃഷ്ണൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, സി.കെ.പത്മനാഭൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ദേശീയ വക്താവ് ടോം വടക്കൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.വി.രാജൻ, പി.രഘുനാഥ്, എ.എൻ.രാധാകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗങ്ങളായ ചേറ്റൂർ ബാലകൃഷ്ണൻ, കെ.പി.ശ്രീശൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.പി.പ്രകാശ് ബാബു, കെ.ശ്രീകാന്ത്‌, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽകൃഷ്ണൻ, ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button