Kozhikode
കൊയിലാണ്ടിയിൽ ഇലക്ട്രിക്ക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട്ടുണ്ടായ വാഹനാപകടത്തിൽ മൂന്ന് എം.ബി.ബി.എസ് വിദ്യാർത്ഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് അന്തരിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





