പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിയെ പുലർച്ചെ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി; മുകൾ നിലയിൽ നിന്ന് മുറ്റത്ത് വീണ കുട്ടിക്ക് ഗുരുതര പരിക്ക്

പെരുമ്പാവൂർ: പ്ലസ് വൺ പരീക്ഷയ്ക്ക് വീടിന്റെ മുകൾ നിലയിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർഥിനിയെ പുലർച്ചെ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. മോഷണ ശ്രമത്തിനിടെ മോഷ്ടാക്കളാണ് ആക്രമിച്ചതെന്നാണു പ്രാഥമിക വിവരം. എന്നാൽ സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.
വെങ്ങോല പൂനൂരിൽ വെള്ളിയാഴ്ച പുലർച്ചെ 2.30നാണ് സംഭവം. മുകൾ നിലയിലെ ഒറ്റമുറിയിൽ പഠിച്ചു കൊണ്ടിരുന്ന പതിനാറുകാരിയായ വിദ്യാർഥിനി മുറിക്കു പുറത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ശരീരത്തിൽ ബ്ലേഡ് കൊണ്ടു വരഞ്ഞ മുറിവുകളുണ്ട്. മുഖത്ത് സ്പ്രേ അടിച്ചു. ആക്രമണത്തിനിടയിൽ മുകളിൽ നിന്നു മുറ്റത്തു വീണ പെൺകുട്ടിക്കു തലയ്ക്കു പിന്നിൽ ഗുരുതര പരുക്കുണ്ട്.
ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കുട്ടി താഴെ വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണരുന്നതും ആശുപത്രിയിൽ എത്തിക്കുന്നതും. അബോധാവസ്ഥയിലായ കുട്ടിക്ക് കളമശേരിയിൽ ചികിത്സ തുടരുകയാണ്.
സമീപത്ത് വീടുകളുണ്ടെങ്കിലും ഇന്നലെ പുലർച്ചെയാണ് അവർ വിവരം അറിഞ്ഞത്. കുട്ടിയുടെ മൊഴിയെടുത്താൽ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. കുട്ടിക്ക് ഇടയ്ക്കിടെ ബോധം മറയുന്നതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല.





