Kozhikode

കണ്ണുകളിൽ ഇരുൾ പടർന്നിട്ടും ലക്ഷ്യം തെറ്റാത്ത നിശ്ചയദാർഢ്യം; 109-ാം റാങ്കുമായി സിവിൽ സർവീസിൽ തിളങ്ങി കോഴിക്കോടുകാരൻ അജയ് രാജ്

Please complete the required fields.




കോഴിക്കോ‌ട് : കാഴ്ചാപരിമിതിയുടെ ഇരുൾവഴികളെ നിശ്ചയദാർഢ്യം കൊണ്ട് അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉജ്ജ്വല നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശി അജയ് ആർ.രാജ്. അഖിലേന്ത്യാ തലത്തിൽ 109-ാം റാങ്ക് നേടിയാണ് അജയ് കേരളത്തിന്റെ അഭിമാനമായി മാറിയത്. കഠിനമായ അഞ്ചാമത്തെ ശ്രമത്തിലാണ് ഈ കോഴിക്കോടുകാരൻ തന്റെ ഐ.എ.എസ് സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ കാലം മുതലേ സിവിൽ സർവീസ് എന്ന ലക്ഷ്യം അജയ്‌യുടെ മനസ്സിലുണ്ടായിരുന്നു.

ആദ്യ രണ്ട് ശ്രമങ്ങളിൽ വേണ്ടത്ര വിജയം കാണാനായില്ലെങ്കിലും തോറ്റുപിന്മാറാൻ അജയ് തയ്യാറായിരുന്നില്ല. തിരുവനന്തപുരത്തെ ലീഡ് ഐ.എ.എസ് അക്കാദമിയിൽ നിന്ന് ലഭിച്ച കൃത്യമായ പരിശീലനവും പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന കരുത്തായതെന്ന് അജയ് പറയുന്നു. കഴിഞ്ഞ തവണ 730-ാം റാങ്ക് ലഭിച്ചിരുന്നെങ്കിലും റാങ്ക് മെച്ചപ്പെടുത്തണമെന്ന വാശിയോടെ നടത്തിയ അഞ്ചാം പോരാട്ടമാണ് ഇപ്പോൾ 109-ാം റാങ്കിലെത്തിച്ചത്. അക്കാദമി നൽകിയ ഷെഡ്യൂളുകൾ കൃത്യമായി പാലിച്ചും പരീക്ഷകൾ എഴുതിയും നടത്തിയ ചിട്ടയായ പഠനമാണ് വിജയവഴിയിൽ തുണയായത്.

ജീവിതത്തിൽ പ്രത്യേകമായൊരു വ്യക്തിയെ മാതൃകയാക്കുന്നതിനേക്കാൾ, ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിക്കുക എന്ന തത്വത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് അജയ് വ്യക്തമാക്കുന്നു. വഴികാട്ടിയായി കൂടെനിന്ന സഹോദരന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഈ യാത്രയിൽ വലിയ പ്രചോദനമായിരുന്നു.
കോളേജ് അധ്യാപകനായി ജോലി ചെയ്ത പരിചയം യു.പി.എസ്.സി ഇന്റർവ്യൂവിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ സഹായിച്ചതായും അദ്ദേഹം ഓർക്കുന്നു. തന്റെ വ്യക്തിത്വം കൃത്യമായി പ്രകടിപ്പിക്കാൻ സാധിച്ച ഇന്റർവ്യൂ ബോർഡിന്റെ സമീപനവും അജയ് എടുത്തുപറഞ്ഞു. സ്വപ്നനേട്ടത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ അജയ്‌യുടെ കുടുംബവും നാടും.

Related Articles

Back to top button